ജമാഅത്തെ ഇസ്‌ലാമിക്ക് ഗുഡ് സർട്ടിഫിക്കറ്റ്: വെട്ടിലായി യു.ഡി.എഫ്

Thursday 12 June 2025 1:59 AM IST

മലപ്പുറം: ജമാഅത്തെ ഇസ്‌ലാമി രാഷ്ട്രീയ നിലപാടിൽ മാറ്റം വരുത്തിയെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രസ്താവന നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ആയുധമാക്കിയതോടെ, യു.ഡി.എഫ് വെട്ടിൽ. മതരാഷ്ട്രവാദത്തിലടക്കം ജമാഅത്തെ ഇസ്ലാമിക്ക് നൽകിയ ക്ലീൻ ചീറ്റിൽ മറ്റ് മുസ്ലിം സംഘടനകൾക്ക് എതിർപ്പുണ്ട്.

ജമാഅത്തെ ഇസ്ലാമിയുമായി രാഷ്ട്രീയ സഹകരണം പാടില്ലെന്ന നിലപാടുള്ള ഇ.കെ സമസ്തയ്ക്ക് കോൺഗ്രസിന്റെ മലക്കം മറിച്ചിലിൽ അമർഷമുണ്ട്. ഇത് അവസരമാക്കാൻ സമസ്ത നേതൃത്വത്തെ പുകഴ്ത്തി മുഖ്യമന്ത്രി രംഗത്തുവന്നു. സമസ്തയിൽ ജനാധിപത്യവും വിയോജിപ്പ് രേഖപ്പെടുത്താനുള്ള ഇടവുമുണ്ട്. തിരുത്തേണ്ടത് തിരുത്തി മുന്നേറണം . സർക്കാരിൽ നിന്ന് ഒരു ദുരനുഭവവും സമസ്തയ്ക്ക് നേരിടേണ്ടി വന്നിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് സമസ്ത ചരിത്രം - കോഫി ടേബിൾ പുസ്തകപ്രകാശന ചടങ്ങിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രശംസ. ചിലർ മലപ്പുറത്തെയും മലബാറിനെയും കുറിച്ച് പലതും പറഞ്ഞത് താൻ ആവർത്തിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വി.ഡി. സതീശൻ ഇതിനെ പ്രതിരോധിച്ചത്

ലീഗിന് ആശങ്ക

ജമാഅത്തെ വിവാദം സമസ്തയിലെ ലീഗ് വിരുദ്ധർ ആയുധമാക്കുമോയെന്ന ആശങ്ക മുസ്ലിം ലീഗിനുണ്ട്. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പരസ്യ പ്രശംസ ഒഴിവാക്കാമായിരുന്നു എന്നാണ് ലീഗിന്റെ വികാരം. മതത്തെ രാഷ്ട്രീയകാര്യങ്ങൾക്കായി തെറ്റായി വ്യാഖ്യാനിച്ചതാണ് ജമാഅത്തെ ഇസ്ലാമിക്ക് സംഭവിച്ച തെറ്റെന്ന് കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുള്ളക്കോയ മദനി പറഞ്ഞു. ജമാഅത്തിന്റെ മതരാഷ്ട്രവാദത്തോട് യോജിപ്പില്ല. അവരുടെ ലക്ഷ്യത്തോട് വിയോജിപ്പാണെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി പഴയ ആശയങ്ങൾ ഒഴിവാക്കിയെന്ന പ്രതിപക്ഷ നേതാവിന്റെ പരാമർശം ഗൗരവതരമാണെന്ന് സമസ്ത കാന്തപുരം വിഭാഗം എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം വിമർശിച്ചു. ജമാഅത്തെ ഇസ്ലാമി അവരുടെ ആശയം നിലനിറുത്തിക്കൊണ്ട് മറ്റൊരു രാഷ്ട്രീയ പാർട്ടി രൂപീകരിച്ചെന്ന് മാത്രമേയുള്ളൂ.യു.ഡി.എഫ് ഒരിക്കലും ജമാഅത്തെ ഇസ്ലാമിയുമായും വെൽഫെയർ പാർട്ടിയുമായും രാഷ്ട്രീയ സഖ്യം ഉണ്ടാക്കിയിട്ടില്ലെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.