തുടരന്വേഷണം സ്വാഗതാർഹം

Thursday 12 June 2025 12:01 AM IST

പത്തനംതിട്ട: ചിറ്റാറിൽ വനപാലകരുടെ കസ്റ്റഡിയിലിരിക്കെ കർഷകനായ പി.പി. മത്തായി മരിച്ച സംഭവത്തിൽ തുടരന്വേഷണം നടത്തി മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകണമെന്ന സി.ബി.ഐ കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നുവെന്ന് മധ്യതിരുവിതാംകൂർ വികസന കൗൺസിൽ ചെയർമാൻ വിക്ടർ ടി.തോമസ്, സെക്രട്ടറി റോയി പുത്തൻപറമ്പിൽ എന്നിവർ പറഞ്ഞു. കുടുംബത്തിന് മുന്നിൽ നിന്ന് വലിച്ചിഴച്ചു കൊണ്ടു പോയ മത്തായിയെ വനത്തിൽ വച്ച് മർദിച്ച് അവശനാക്കി കുടുംബവീട്ടിലെ കിണറ്റിൽ കൊണ്ടിട്ട ശേഷം ആത്മഹത്യയാണെന്ന് വരുത്തി തീർക്കാനായിരുന്നു വനപാലകർ ശ്രമിച്ചത്. മത്തായിയുടെ മൃതദേഹം സംസ്‌കരിക്കാതെ കുടുംബാംഗങ്ങൾ 41 ദിവസം നടത്തിയ സഹന സമരത്തിന്റെ ഫലമായിട്ടാണ് റീ പോസ്റ്റുമോർട്ടവും സി.ബി.ഐ അന്വേഷണത്തിന് ഉത്തരവും ഉണ്ടായത്. സി.ബി.ഐ സമർപ്പിച്ച കുറ്റപത്രത്തിൽ പേരുളള മുഴുവൻ ഉദ്യോഗസ്ഥരും സർവീസിൽ തുടരുന്നു. സർക്കാർ ഒരു ആനുകൂല്യവും കുടുംബത്തിന് നൽകിയില്ല. മധ്യതിരുവിതാംകൂർ വികസന കൗൺസിലും ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസനവും ചേർന്നാണ് സ്ഥലം വാങ്ങി വീടുവച്ചു നൽകിയത്.