കേന്ദ്രം ഹൈക്കോടതിയിൽ -- ദുരന്ത ബാധിതരുടെ വായ്പകൾ എഴുതിത്തള്ളുന്ന വ്യവസ്ഥ ഒഴിവാക്കി
കൊച്ചി: പ്രകൃതിദുരന്ത ബാധിതരുടെ വായ്പകൾ എഴുതിത്തള്ളുന്നത് സംബന്ധിച്ച വകുപ്പുകൾ ഒഴിവാക്കിയെന്ന് ദേശീയ ദുരന്തനിവാരണ അതോറിട്ടി ഹൈക്കോടതിയിൽ അറിയിച്ചു. ചൂരൽമല, മുണ്ടക്കൈ ദുരന്തബാധിതരുടെ ബാങ്ക് വായ്പകൾ എഴുതിത്തള്ളുന്ന വിഷയത്തിൽ ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് സത്യവാങ്മൂലം.
വായ്പ ബാങ്കുകൾ എഴുതിത്തള്ളുന്ന കാര്യത്തിൽ ദുരന്തനിവാരണ നിയമം 13–ാം വകുപ്പുപ്രകാരം നടപടിയെടുക്കുന്നതിൽ വിശദീകരണം നൽകാൻ കോടതി ഏപ്രിൽ 10ന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ 2005ലെ ദുരന്തനിവാരണ നിയമത്തിലെ 13–ാം വകുപ്പ് 2025 ലെ ദുരന്തനിവാരണ നിയമത്തിൽ ഒഴിവാക്കിയിട്ടുണ്ടെന്ന് അതോറിട്ടി അണ്ടർ സെക്രട്ടറി ചന്ദൻസിങ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ആഭ്യന്തരമന്ത്രാലയത്തിലെ ദുരന്തനിവാരണ വിഭാഗം ഇതു സംബന്ധിച്ചു കത്ത് നൽകിയെന്നും അറിയിച്ചു.
ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാൻ ബാങ്കുകളെ നിർബന്ധിക്കാൻ ദേശീയ ദുരന്തനിവാരണ അതോറിട്ടിക്ക് അധികാരമുണ്ടെന്ന് ഡിവിഷൻബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ദുരന്തനിവാരണ നിയമത്തിൽ ഭേദഗതിവരുത്തി മാർച്ച് 29 ന് നിയമന്ത്രാലയം ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചെന്ന് സത്യവാങ്മൂലത്തിൽ അറിയിച്ചു. ഇതിന്റെ പകർപ്പും ഹാജരാക്കി.