തത്കാൽ ബുക്കിംഗ് പരിഷ്‌ക്കരണം ജൂലായ് 1 മുതൽ

Thursday 12 June 2025 1:04 AM IST

ന്യൂഡൽഹി: ആധാർ വെരിഫിക്കേഷൻ നടത്തുന്നവർക്ക് മാത്രമേ ജൂലായ് ഒന്നു മുതൽ തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയൂ. സർക്കുലർ റെയിൽവേ ബോർഡ് പുറത്തിറക്കി. ആധാർ ഉപയോഗിച്ച് ഓതന്റിക്കേഷൻ നടത്തുന്ന യാത്രക്കാർക്ക് ഐ.ആർ.സി.ടി.സി വെബ്‌സൈറ്റിലൂടെയും ആപ്പ് വഴിയും തത്കാൽ ബുക്ക് ചെയ്യാം. ജൂലായ് 15 മുതൽ തത്കാൽ ഓൺലൈൻ ബുക്കിംഗിന് ആധാർ അടിസ്ഥാനമാക്കിയുള്ള ഒ.ടി.പി സ്ഥിരീകരണം നിർബന്ധമാക്കും. റെയിൽവേ കൗണ്ടറുകളിലും അംഗീകൃത ഏജന്റുമാർ മുഖേനയും നടത്തുന്ന ബുക്കിംഗുകൾക്ക് യാത്രക്കാരന്റെ മൊബൈൽ ഫോണിലേക്ക് അയയ്ക്കുന്ന ഒ.ടി.പി സ്ഥിരീകരണവും ജൂലായ് 15 മുതൽ അനിവാര്യമാക്കി. അംഗീകൃത ടിക്കറ്റ് ഏജന്റുമാർക്ക് ആദ്യ 30 മിനിട്ടിൽ തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ അനുവാദമില്ല. എ.സി ക്ലാസുകൾക്ക് രാവിലെ 10 മുതൽ 10.30 വരെയും, എ.സി ഇതര ക്ലാസുകൾക്ക് രാവിലെ 11 മുതൽ 11.30 വരെയുമാണ് നിയന്ത്രണം.