പൈപ്പിൽ പിടിച്ചുകിടന്നത് 4 മണിക്കൂർ, കിണറ്റിൽ വീണ വൃദ്ധയെ ഫയർഫോഴ്സ് രക്ഷി​ച്ചു

Thursday 12 June 2025 12:08 AM IST

പന്തളം: തട്ട മാമ്മൂട് കുടമുക്ക് വേലംപറമ്പിൽ 87 വയസുള്ള ശാന്തയ്ക്ക് ഇത് രണ്ടാംജന്മമാണ്.

ജീവി​തത്തി​നും മരണത്തി​നുമി​ടയി​ലെ നാലുമണി​ക്കൂർ മോട്ടോറി​ന്റെ പൈപ്പിൽ പിടിച്ചു കിടന്ന വൃദ്ധയെ ഫയർഫോഴ്‌സ് എത്തി രക്ഷപ്പെടുത്തുകയായി​രുന്നു.

ബുധനാഴ്ച പുലർച്ചെ നാലി​നാണ് ആൾമറ ഇല്ലാത്ത കിണറ്റിൽ ശാന്തയെ കണ്ടെത്തി​യത്. ഏകദേശം 30 അടി താഴ്ചയുള്ള കി​ണറ്റി​ൽ 15 അടിയോളം വെള്ളമുണ്ടായി​രുന്നു. പുലർച്ചെ ശാന്തയെ കാണാതെ മരുമകനും മകളും നടത്തി​യ അന്വേഷണത്തി​ൽ കി​ണറ്റി​നുള്ളി​ൽ കണ്ടെത്തുകയായി​രുന്നു. അർദ്ധരാത്രി​യി​ൽ ശാന്ത കി​ണറ്റി​ൽ വീണതാകാമെന്ന് ബന്ധുക്കൾ പറഞ്ഞു. വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് അടൂരിൽ നിന്ന് സീനിയർ റെസ്‌ക്യൂ ഓഫീസർ അജിഖാൻ യൂസുഫിന്റെ നേതൃത്വത്തിൽ എത്തിയ റെസ്‌ക്യൂ ടീം കിണറ്റിൽ ഇറങ്ങി വല ഉപയോഗിച്ച് ശാന്തയെ രക്ഷപ്പെടുത്തുകയായി​രുന്നു. റെസ്‌ക്യൂ ഓഫീസർമാരായ സജാദ്, അഭിലാഷ്, ശ്രീജിത്ത്, ഷൈൻ കുമാർ, സന്തോഷ് അജയകുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.