വെടിവയ്ക്കാൻ പണമില്ല, പന്നികൾ പണിയാകും!
പത്തനംതിട്ട : വനംവകുപ്പിന്റെയും ഗ്രാമപഞ്ചായത്തുകളുടെയും ആവശ്യപ്രകാരം കാട്ടുപന്നികളെ വെടിവച്ചു കൊന്നതിന് ചെലവായ പണം രണ്ടു വർഷത്തിലേറെയായി കിട്ടാനുണ്ടെന്ന് വെടിവയ്ക്കുന്നവർ പറയുന്നു. ജില്ലയിൽ തോക്ക് ലൈസൻസുള്ള മൂന്ന് പേരെയാണ് പന്നികളെ വെടിവയ്ക്കുന്നതിന് അധികൃതർ വിളിക്കാറുള്ളത്.
രണ്ടു വർഷം മുൻപ് വരെ പന്നികളെ വെടിവയ്ക്കാൻ അധികാരം വനംവകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീമിനായിരുന്നു (ആർ.ആർ.ടി). പിന്നീട് പഞ്ചായത്തുകൾക്ക് അധികാരം നൽകി. ഇതോടെ പണവും കിട്ടാതായി. പതിനെട്ട് പന്നികളെ കൊന്നതിനുള്ള ചെലവ് വനംവകുപ്പിൽ നിന്ന് ഇതുവരെ ലഭിച്ചിട്ടില്ല.
ഒരു പന്നിയെ വെടിവച്ചുകൊല്ലാൻ പോകുന്നതിന് കുറഞ്ഞത് ആയിരത്തി അഞ്ഞൂറ് രൂപയാണ് ചെലവാകുന്നത്. വനംവകുപ്പും പിന്നീട് പഞ്ചായത്തും അനുവദിക്കുന്ന തുക ആയിരം മാത്രം. പണം എന്നെങ്കിലും കിട്ടുമെന്നത് പ്രതീക്ഷ മാത്രമായി. ഇനി വിളിച്ചാൽ പോകില്ലെന്നാണ് തീരുമാനം.
തിരക്ക് വില കൂടി
വെടിവയ്ക്കാനുപയോഗിക്കുന്ന തിരകൾക്ക് വില കൂടിയത് മൊത്തം ചെലവ് വർദ്ധിപ്പിച്ചു. നേരത്തേ നൂറ് രൂപയിൽ താഴയായിരുന്ന ഒരു തിരയുടെ വില ഇപ്പോൾ 200രൂപയോളമായി. രാത്രിയിൽ കാട്ടുപന്നികളെ വേട്ടയാടുമ്പോൾ തിരകൾ പാഴാകാറുണ്ട്.
2021ൽ തുടങ്ങി
മനുഷ്യജീവനും കൃഷിക്കും ശല്യമാകുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ 2021ലാണ് അനുമതി നൽകിയത്. വനംവകുപ്പിന്റെ ആർ. ആർ.ടികൾക്കായിരുന്നു ആദ്യ ചുമതല. പിന്നീട് അധികാരം ഗ്രാമ പഞ്ചായത്തുകൾക്ക് നൽകി. പന്നിവേട്ടയ്ക്ക് ചെലവിന് പണം കണ്ടെത്താൻ പല പഞ്ചായത്തുകളും ബുദ്ധിമുട്ടുകയാണ്. ശല്യക്കാരായ കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ ഗ്രാമ പഞ്ചായത്തുകൾ പ്രമേയം പാസാക്കണം. ജനപ്രതിനിധികൾ നേരിട്ട് വിളിക്കുമ്പോഴാണ് ഷൂട്ടർമാർ എത്തുന്നത്. കൊല്ലുന്ന പന്നികളെ വനംവകുപ്പിന്റെയും ഗ്രാമപഞ്ചായത്ത് അധികൃതരുടെയും സാന്നിദ്ധ്യത്തിൽ കുഴിച്ചിടണം.
പന്നികളെ വെടിവച്ചു കൊല്ലണമെന്ന് ആവശ്യപ്പെട്ട് ഗ്രാമ പഞ്ചായത്തുകൾ ഇപ്പോൾ വിളിക്കാറില്ല. ഫണ്ടില്ലാത്തതാകും കാരണം.
ഷൂട്ടർമാർ
പതിനെട്ട് പന്നികളെ കൊന്നതിനുള്ള
ചെലവ് വനംവകുപ്പ് നൽകിയില്ല