തീപിടിച്ച കപ്പലിനെ അകലേയ്ക്ക് നീക്കുന്നു
കൊച്ചി: കണ്ണൂർ തീരത്തിന് സമീപം സ്‌ഫോടനമുണ്ടായി തീപിടിച്ച 'വാൻ ഹായ് 503' കപ്പലിനെ വടംഉപയോഗിച്ച് ടഗ്ഗുമായി ബന്ധിപ്പിച്ച് പുറംകടലിൽ ദൂരത്തേയ്ക്ക് നീക്കിത്തുടങ്ങി. കപ്പൽ പിളരാനും മുങ്ങാനുമുള്ള സാദ്ധ്യത വിലയിരുത്തി രാസവസ്‌തുക്കളും കണ്ടെയ്‌നറുകളും തീരത്തേയ്‌ക്ക് ഒഴുകിയെത്തുന്നത് തടയാനാണിത്. ഹെലികോപ്‌ടർ സഹായത്തോടെ കപ്പലിൽ തീപിടിക്കാത്ത ഭാഗത്ത് ഇറങ്ങിയ വിദഗ്ദ്ധരാണ് ടഗ്ഗുമായി ബന്ധിപ്പിച്ചത്.
കപ്പലിന് പുറത്തെ തീ ഏറെക്കുറെ നിയന്ത്രണവിധേയമാക്കി. അടിത്തട്ടിൽ തീയുണ്ട്. കോസ്റ്റ് ഗാർഡിന്റെ അഞ്ചു കപ്പലുകളും രണ്ട് ഡോണിയർ വിമാനങ്ങളും ഒരു ഹെലികോപ്ടറും തീ പൂർണമായും കെടുത്താൻ ശ്രമംതുടരുന്നു.
കപ്പൽക്കമ്പനി നിയോഗിച്ച മറൈൻ എമർജൻസി റെസ്‌പോൺസ് സെന്ററിലെ (എം.ഇ.ആർ.സി) വിദഗ്ദ്ധർ ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്‌ടറിൽനിന്ന് കപ്പലിൽ ഇറങ്ങിയത്. കപ്പലിന് മുന്നിലെ വലിയകൊളുത്തിൽ വടമിട്ടു. കപ്പലുകളെ വലിച്ചുനീക്കുന്ന 'വാട്ടർ ലില്ലി' എന്ന ടഗ്ഗുമായി ബന്ധിപ്പിച്ചാണ് ദൂരേയ്ക്ക് നീക്കുന്നത്.