കുണ്ടറ ടെക്നോപാർക്ക്: കഴക്കൂട്ടം മോഡലിൽ വളർത്താൻ പദ്ധതി
കൊല്ലം: കുണ്ടറ ടെക്നോപാർക്ക് കഴക്കൂട്ടം മോഡലിൽ വളർത്താൻ പദ്ധതി. ടെക്നോപാർക്കിനോട് ചേർന്ന് സർക്കാർ ഉടമസ്ഥതയിലുള്ള 34.4 ഏക്കർ ഭൂമിയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ 11 ഏക്കർ ഐ.ടി, ഐ.ടി അധിഷ്ഠിത, വാണിജ്യ സംരംഭങ്ങൾക്കായി പാട്ടത്തിന് നൽകും.
നിലവിൽ 4.6 ഏക്കർ സ്ഥലത്താണ് കുണ്ടറ ടെക്നോപാർക്ക് പ്രവർത്തിക്കുന്നത്. ജീവനക്കാർക്കുള്ള അനുബന്ധ സൗകര്യങ്ങളില്ലാത്തതാണ് ഇവിടേക്ക് വമ്പൻ കമ്പനികൾ എത്താതിന്റെ ഒരു കാരണം. ഈ പ്രശ്നം പരിഹരിക്കാനാണ് ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്ത് ഐ.ടി ഇതര വാണിജ്യ സംരംഭങ്ങൾക്ക് കൂടി വിട്ടുനൽകുന്നത്.
ഐ.ടി ജീവനക്കാർക്കുള്ള ഫ്ലാറ്റുകൾ, ഷോപ്പിംഗ് കോംപ്ലക്സ്, ആശുപത്രി തുടങ്ങിയ സംരംഭങ്ങൾ തുടങ്ങാം. പ്രത്യേക കെട്ടിടം സമുച്ചയം നിർമ്മിക്കാൻ ഭൂമി ദീർഘകാലത്തേക്ക് പാട്ടത്തിന് ലഭിക്കുന്നതിനാൽ വമ്പൻ കമ്പനികൾ കൂടുതൽ ജീവനക്കാരെ വിന്യസിക്കാൻ കഴിയുന്ന ഉപ ഓഫീസുകൾ ഇവിടെ ആരംഭിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇവിടേക്ക് മികച്ച റോഡ്, കുടിവെള്ളം, മാലിന്യ സംസ്കരണ പ്ലാന്റ് തുടങ്ങിയ സൗകര്യങ്ങളുണ്ട്. നിലവിൽ നിശ്ചയിച്ചിട്ടുള്ള പാട്ടത്തുകയിൽ സർക്കാർ ഇളവ് നൽകാനും സാദ്ധ്യതയുണ്ട്.
ഭൂമി പാട്ടം 90 വർഷം വരെ
കൂടുതൽ നിക്ഷേപകരെയും സംരംഭകരെയും ആകർഷിക്കാൻ 30 മുതൽ 90 വരെ വർഷത്തേക്കാകും ഭൂമി പാട്ടത്തിന് നൽകുക. ഇതിനായി സംരംഭകരിൽ നിന്ന് താല്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്. ഏറ്റവും മികച്ച പദ്ധതി നിർദ്ദേശങ്ങൾ പരിശോധിച്ച് സർക്കാരിന് കൈമാറും. സർക്കാരാകും ഭൂമി വിട്ടുനൽകുന്നതിൽ അന്തിമ തീരുമാനമെടുക്കുക.
നിലവിൽ ഐ.ടി കമ്പനികൾ
25
ആകെ സ്ഥലം
34.4 ഏക്കർ
ടെക്നോപാർക്ക്
4.6 ഏക്കറിൽ
പാട്ടത്തിന് നൽകുന്നത്
11 ഏക്കർ
ഐ.ടി സംരംഭങ്ങൾക്ക്
ഏക്കറിന് 1.74 കോടി
വാണിജ്യ കെട്ടിടങ്ങൾക്ക്
2.27 കോടി