കന്നുക്കുട്ടിക്ക് നൽകാം പോഷകമുള്ള പാൽപ്പൊടി പ്രതിദിനം ലാഭം 132 രൂപ

Thursday 12 June 2025 12:41 AM IST

കോഴിക്കോട്: കന്നുക്കുട്ടിക്ക് നൽകാൻ അമ്മപ്പശുവിന്റെ പാലിന് പകരം തുല്യപോഷകമുള്ള പാൽപ്പൊടിയുമായി (മിൽക്ക് റീപ്ളേസർ) അമൂ‍ൽ കമ്പനി. മിൽമ മലബാർ യൂണിയനാണ് ക്ഷീരകർഷകർക്കായി സബ്‌സിഡിയിൽ പാൽപ്പൊടി നൽകുന്നത്. രണ്ട്‌കൊല്ലത്തിനിടെ അഞ്ച്കിലോയുടെ 25,000 പായ്ക്കറ്റുകൾ നൽകിക്കഴിഞ്ഞു. ഇക്കൊല്ലം 20,000 പായ്ക്കറ്റാണ് ലക്ഷ്യം.

പ്രതിദിനം അമ്മപ്പശുവിന്റെ നാല് ലിറ്റർ പാൽവരെ കുട്ടി കുടിക്കുമെന്നാണ് കണക്ക്. ഒരു ലിറ്റർ പാലിന് 43 രൂപ നിരക്കിൽ കർഷകന് നഷ്ടം 172 രൂപ. 400 ഗ്രാം പാൽപ്പൊടികൊണ്ട് നാല് ലിറ്റർ ലായനിയുണ്ടാക്കാം. ചെലവ് മിൽമയുടെ സബ്സിഡി കഴിച്ച് 40 രൂപ. ഇത്തരത്തിൽ പ്രതിദിനം 132 രൂപ ലാഭിക്കാം. പാൽപ്പൊടിക്കൊപ്പം പച്ചപ്പുല്ലും നൽകിയാൽ നന്നായി വളരും.

ലായനിയാക്കാം

ഒരുലിറ്റർ ഇളം ചൂടുവെള്ളത്തിൽനിന്ന് ഒന്നര ഗ്ലാസ് വെള്ളമെടുത്ത് 100 ഗ്രാം പാൽപ്പൊടി ലയിപ്പിക്കണം. ഇത് ബാക്കി വെള്ളത്തിൽ കലർത്തി നൽകാം. കുട്ടിജനിച്ച് രണ്ടാമത്തെ ആഴ്ചമുതലേ പാൽപ്പൊടി നൽകാവൂ. അതും അമ്മപ്പാലിനൊപ്പം കുറഞ്ഞ അളവിൽ. ക്രമേണ അളവ് കൂട്ടി ആറാമത്തെയാഴ്ച 350 ഗ്രാമിലും തുടർന്ന് 50 ഗ്രാം വീതം കുറച്ച് പന്ത്രണ്ടാമത്തെയാഴ്ച 50 ഗ്രാമിലുമെത്തിക്കണം.

ചേരുവ

സോയ, ധാതു മിശ്രിതം,വൈറ്റമിൻ എ,ഡി 3, ഇ

പ്രോട്ടീൻ- 20- 22%

ഫാറ്റ്- 16- 18%

ഫൈബർ- 1.0%

മിനറൽ- 1.0%

ഗുണങ്ങൾ

വേണ്ടത്ര പോഷകം

ശരിയായ വളർച്ച, ദഹനശേഷി

മികച്ച രോഗപ്രതിരോധം

മദിയും പ്രസവവും നേരത്തേ

കരുത്തുള്ള ആമാശയം

5 കിലോയ്ക്ക് കർഷകൻ നൽകേണ്ടത് 500 രൂപ

മിൽമയ്ക്ക് കിട്ടുന്നത് 740 രൂപ

കർഷകന് സബ്സിഡി 240 രൂപ

കിടാവിന് ഒരു മാസമാകുമ്പോൾ പ്രോട്ടീൻ കൂടുതലുള്ള മിൽമയുടെ 'കാഫ് സ്റ്റാർട്ടർ ' നൽകാം. വേഗം മദി കാണിക്കാനുള്ള മിനറൽ, വൈറ്റമിൻ ഗുളികകളും സബ്സിഡിയിൽ നൽകുന്നുണ്ട്.

- കെ.സി. ജെയിംസ്

എം.ഡി, മിൽമ മലബാർ യൂണിയൻ