കെ.കെ.ഇ.എം: തൊഴിലിനായി രജിസ്റ്റർ ചെയ്തത് 1.51 ലക്ഷം
കൊല്ലം: തൊഴിലന്വേഷകർക്ക് അവസരങ്ങളുടെ പുതിയ പാത വെട്ടിത്തുറക്കാൻ സംസ്ഥാന സർക്കാർ ആരംഭിച്ച കേരള നോളജ് എക്കോണമി മിഷൻ (കെ.കെ.ഇ.എം) വഴി ജില്ലയിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് 1,51,128 പേർ. 2021മുതൽ കഴിഞ്ഞ 31 വരെയുള്ള ഔദ്യോഗിക കണക്കാണിത്. രജിസ്റ്റർ ചെയ്തവരിൽ കൂടുതലും സ്ത്രീകളാണ്, 90,411 പേർ. 60,657 പുരുഷന്മാരും 60 ട്രാൻസ്ജെൻഡർമാരും ഈ കാലയളവിൽ രജിസ്ട്രേഷൻ പൂർത്തിയാക്കിയിട്ടുണ്ട്. കഴിഞ്ഞ 31 വരെ നടന്ന 50 തൊഴിൽ മേളകളിൽ നിന്ന് 5,361 പേരാണ് ആകെ തൊഴിൽ നേടിയത്. 3,678 പുരുഷന്മാരും 1,683 സ്ത്രീകളും. ഈ വർഷം കഴിഞ്ഞ 31 രജിസ്റ്റർ ചെയ്ത 7,995 പേരിൽ 10 തൊഴിൽ മേളകളിലൂടെ ആകെ 1,195 പേർക്ക് മാത്രമെ ജോലി സ്വന്തമാക്കാൻ കഴിഞ്ഞുള്ളൂ. 18നും 59നുമിടയിൽ പ്രായമുള്ള പ്ലസ് ടു, പ്രീഡിഗ്രി, ഐ.ടി.ഐ, ഡിപ്ലോമ എന്നിവയോ അതിന് മുകളിലോ യോഗ്യതയുള്ളവർക്കാണ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യാൻ കഴിയുന്നത്. knowledgemission.kerala.gov.in എന്ന വെബ്സൈറ്റിലാണ് പേര് രജിസ്റ്റർ ചെയ്യേണ്ടത്. സ്വന്തം പ്രൊഫൈലിൽ അടിസ്ഥാന വിവരങ്ങൾ നൽകി താത്പര്യമുള്ള തൊഴിലുകളിലേക്ക് താത്പര്യമുള്ള ജില്ലയിലേക്ക് അപേക്ഷിക്കാം.
2026 നകം 20 ലക്ഷം പേർക്ക് തൊഴിൽ
കേരള ഡെവലപ്പ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലിനാണ് (കെഡിസ്ക്) നടത്തിപ്പ് ചുമതല
തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്
ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം (ഡി.ഡബ്ള്യു.എം.എസ്) എന്ന പേരിൽ സജ്ജീകരിച്ചിട്ടുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി 2026 നകം 20 ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം
തൊഴിലന്വേഷകരും തൊഴിൽദാതാക്കളും ഒരേ പ്ലാറ്റ്ഫോമിൽ ഒന്നിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്
കരിയർ കൗൺസലിംഗ്, വ്യക്തിത്വ വികസന പരിശീലനം, ഇംഗ്ലീഷ് സ്കോർടെസ്റ്റ്, റോബോട്ടിക് ഇന്റർവ്യൂ പരിശീലനം എന്നിവയും സൗജന്യമായി ലഭ്യമാക്കുന്നു
ജില്ലയിൽ തൊഴിൽ ലഭിച്ചവർ (2021- 2025 മേയ് 31)
സത്രീകൾ-1,683
പുരുഷന്മാർ-3,678
ട്രാൻസ്ജെൻഡർ-0
ആകെ-5,361