ദിയയുടെ കടയിലെ തട്ടിപ്പ് അന്വേഷണം ക്രൈംബ്രാഞ്ചിന്
ജീവനക്കാരികൾ മുങ്ങി
തിരുവനന്തപുരം: നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയയുടെ ആഭരണക്കടയിൽ നടന്ന തട്ടിപ്പ് കേസുകളിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. അന്വേഷണം ഇന്ന് ആരംഭിക്കും. മ്യൂസിയം പൊലീസ് കേസ് വിവരങ്ങൾ ക്രൈംബ്രാഞ്ചിന് കൈമാറും.
മ്യൂസിയം പൊലീസിന് അമിതമായി കേസുകളുണ്ടെന്നും മുഖ്യമന്ത്രി, ഗവണർ അടക്കമുള്ളവരുടെ യാത്രയ്ക്ക് സുരക്ഷയൊരുക്കാൻ പ്രധാന പങ്ക് വഹിക്കുന്ന സ്റ്റേഷനാണെന്നും ചൂണ്ടിക്കാട്ടി സിറ്റി പൊലീസ് കമ്മിഷണർ ഡി.ജി.പിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.
അതേസമയം, കേസിലെ പ്രതികളായ ജീവനക്കാരികൾ ഒളിവിൽ പോയതായി പൊലീസ് അറിയിച്ചു. ആഭരണക്കടയിലെ മൂന്നു ജീവനക്കാരികൾ ചേർന്ന് ക്യൂആർ കോഡിൽ കൃത്രിമം കാട്ടി 60 ലക്ഷത്തിലേറെ രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് കേസ്. വിനിത, ദിവ്യ, രാധാകുമാരി എന്നിവർക്കെതിരെയാണ് പരാതി.
കഴിഞ്ഞ ദിവസം മൂന്നു പേരോടും മൊഴി രേഖപെടുത്താൻ സ്റ്റേഷനിൽ ഹാജരാകണമെന്ന് അറിയിച്ചിരുന്നെങ്കിലും ഫോൺ ഓഫ് ചെയ്ത് മുങ്ങിയെന്ന് പൊലീസ് പറയുന്നു. ഇവരെ അന്വേഷിച്ച് വീട്ടിലും സുഹൃത്തുക്കളുടെ വീടുകളിലും പോയെങ്കിലും കണ്ടെത്താനായില്ല. ഇവർ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായണ് റിപ്പോർട്ട്.
തട്ടിക്കൊണ്ടുപോകൽ, മർദ്ദനം തുടങ്ങിയവ ആരോപിച്ച് ജീവനക്കാരികൾ കൃഷ്ണകുമാറിനും ദിയയ്ക്കുമെതിരെ നൽകിയ കേസിൽ മുൻകൂർ ജാമ്യപേക്ഷ തിരുവനന്തപുരം ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതി വെള്ളിയാഴ്ച പരിഗണിക്കും.