നെയ്റോബി സ്വദേശിനി പത്തനാപുരം ഗാന്ധിഭവനിൽ

Thursday 12 June 2025 1:37 AM IST

പത്തനാപുരം: നെയ്റോബി സ്വദേശിനിയെ പത്തനാപുരം ഗാന്ധിഭവൻ ഏറ്റെടുത്തു. കേരളം സന്ദർശിക്കാനെത്തിയ എമിലിയെയാണ് ജയിൽ ശിക്ഷയ്ക്ക് ശേഷം ഗാന്ധിഭവനിൽ എത്തിച്ചത്. വിസ തട്ടിപ്പിനിരയായി വ്യാജ വിസ കൈവശം വച്ചതിന് ആറുമാസം ജയിൽ ശിക്ഷ അനുഭവിച്ച ശേഷം പുറത്തിറങ്ങിയ എമിലിയെയാണ് ഗാന്ധിഭവനിൽ എത്തിച്ചത്.

സൗദി അറേബ്യയിൽ കെയർ ടേക്കറായി ജോലി ചെയ്തിരുന്ന എമിലി 2023 നവംബറിൽ ചികിത്സകൾക്കായി ഇന്ത്യയിൽ എത്തിയിരുന്നു. വിശാഖ പട്ടണത്തെ അപ്പോളോ ഹോസ്പിറ്റലിലെ ചികിത്സയ്ക്കിടെ പുതുക്കിയ വിസയുമായി കഴിഞ്ഞവർഷം ഡിസംബർ 1ന് കേരളം സന്ദർശിക്കാനെത്തിയപ്പോഴാണ് പ്രശ്നങ്ങൾ തുടങ്ങിയത്. സുഹൃത്ത് വഴി പുതുക്കിയ വിസ വ്യാജമായിരുന്നു. തുടർന്ന് എറണാകുളം പൊലീസ് എമിലിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിയ്യൂർ സെൻട്രൽ ജയിലിലായിരുന്നു. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ എമിലിയെ തിരികെ നാട്ടിലേക്ക് അയക്കുന്നതിന്റെ ഭാഗമായാണ് വനിത പൊലിസുകാർ പത്തനാപുരം ഗാന്ധിഭവനിൽ എത്തിച്ചത്.