തെരുവുനായ കുറുകെ ചാടി: ജന്മദിനത്തിൽ ബൈക്ക് മറിഞ്ഞ് പൊലീസുകാരന് ദാരുണാന്ത്യം

Thursday 12 June 2025 1:44 AM IST

 അപകടം പിറന്നാൾ ദിനത്തിൽ

കൊല്ലം: ബൈക്കിന് മുന്നിലേക്ക് തെരുവുനായ കുറുകെ ചാടിയുണ്ടായ അപകടത്തിൽ പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം.

അടൂർ കെ.എ.പി മൂന്നാം ബറ്റാലിയൻ പൊലീസ് കോൺസ്റ്റബിൾ അഞ്ചാലുംമൂട് കടവൂർ കെ.കെ നഗർ 216 മണ്ണാശേരിൽ വി.അനൂപ് രാജാണ് (26) മരിച്ചത്. ഇന്നലെ പുലർച്ചെ 12.15 ഓടെ താലൂക്ക് കച്ചേരി ജംഗ്ഷനിൽ വേളാങ്കണ്ണി മാതാ പള്ളിക്ക് സമീപമായിരുന്നു അപകടം. പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി കൂട്ടുകാർക്കൊപ്പം ജ്യൂസ് കുടിക്കാൻ പോകുംവഴി അനൂപും സുഹൃത്ത് ജിഷ്ണുവും സഞ്ചരിച്ച ബൈക്കിന് മുന്നിലേക്ക് തെരുവുനായ എടുത്തുചാടുകയായിരുന്നു. നിയന്ത്രണം തെറ്റി റോഡിലേക്ക് വീണ അനൂപിനും ജിഷ്ണുവിനും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻതന്നെ ഇരുവരെയും ജില്ലാ ആശുപത്രിയിലും സമീപത്തെ സ്വകാര്യമെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും അനൂപിന്റെ ജീവൻ രക്ഷിക്കാനായില്ല. അനൂപായിരുന്നു ബൈക്ക് ഓടിച്ചിരുന്നത്. ജിഷ്ണു ഗുരുതര പരിക്കുകളോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നാല് മാസം മുമ്പാണ് അനൂപിന്റെ പാസിംഗ് ഔട്ട് പരേഡ് പൂർത്തിയായത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം സംസ്കരിച്ചു. വരദരാജ് - മിനി എന്നിവരാണ് മാതാപിതാക്കൾ. സഹോദരൻ: അരുൺരാജ്.