സൂപ്പർ ഫാസ്റ്റ് കഗിസോ കലക്കീട്ടോ
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ, ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സിൽ 212ന് പുറത്ത്
കഗിസോ റബാഡയ്ക്ക് 5 വിക്കറ്റ്
ലണ്ടൻ: ക്രിക്കറ്റിന്റെ മക്കയായ ലോഡ്സ് വേദിയാകുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഒന്നാം ദിനം പേസ് ബൗളർമാരുടെ വിളയാട്ടം. ടോസ് നഷ്ടപ്പെട്ട് ആദ്യ ദിനം ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയെ പേസർ കഗിസോ റബാഡയുടെ നേതൃത്വത്തിൽ ദക്ഷിണാഫ്രിക്ക 212 റൺസിന് ഓൾഔട്ടാക്കി. തുടർന്ന് ഒന്നാം ഇന്നിംഗ്സിനിറങ്ങിയ ദക്ഷണാഫ്രിക്ക ഒടുവിൽ കളിനിറുത്തുമ്പോൾ 43/4 എന്ന നിലയിൽ പ്രതിസന്ധിയിലാണ്. മർക്രം (0), റിക്കൽറ്റൺ (16), മുൾഡർ (6), സ്റ്റബ്സ് (2) എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. ഓസീസിനായി സ്റ്റാർക്ക് രണ്ടും ക്യാപ്ടൻ കമ്മിൻസ്,ഹേസൽവുഡ് എന്നിവർ ഓരോ വിക്കറ്റ വീതവും നേടി. ഇന്നലെ വീണ 14 വിക്കറ്റുകളിൽ 12ഉം പേസർമാരാണ് നേടിയത്.
റബാഡ, യാൻസൺ ഷോ തുടക്കം മുതൽ ഓസ്ട്രേലിയക്ക് മേൽ ദക്ഷിണാഫ്രിക്കയ്ക്കായി ബൗളിംഗ് ഓപ്പൺ ചെയ്ത റബാഡയും മാർകോ യാൻസണും ആധിപത്യം നേടി. റബാഡ അഞ്ച് വിക്കറ്റുമായി തിളങ്ങിയപ്പോൾ യാൻസൺ മൂന്ന് വിക്കറ്റ് സ്വന്തമാക്കി. സ്റ്റീവൻ സ്മിത്തിനും (66), ബ്യൂ വെബ് സ്റ്ററിനും (72) മാത്രമാണ് ഓസീസ് ബാറ്റർമാരിൽ പിടിച്ച് നിൽക്കാനായത്. ഓസീസ് ഓപ്പണർമാരായ ഉസ്മാൻ ഖ്വാജയ്ക്കും (0) ലെബുഷെയ്നും (17) ആദ്യ മൂന്ന് ഓവറുകളിൽ ഒരു റൺസ് പോലും നേടാനായില്ല. എറിഞ്ഞ ആദ്യ മൂന്ന് ഓവറുകളും റബാഡ മെയ്ഡനാക്കി. തന്റ നാലാമത്തേയും ഓസ്ട്രേലിയൻ ഇന്നിംഗ്സിലെ ഏഴാമത്തേയും ഓവറിൽ ഖ്വാജയേയും പകരമെത്തിയ ഗ്രീനിനേയും (4) പുറത്താക്കി റബാഡ ഓസ്ട്രേലിയയുടെ തകർച്ചയ്ക്ക് തുടക്കമിട്ടു. തുടർന്ന് ലെബുഷെയ്നേയും ട്രാവിസ് ഹെഡിനേയും (11) യാൻസൺ പുറത്താക്കിയതോടെ 67/4 എന്ന നിലയിലായി ഓസീസ്. പിന്നീട് വെബ്സറ്റർ സ്മിത്തിനൊപ്പം 79 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി ഓസീസിനെ രക്ഷിക്കുമെന്ന് തോന്നിച്ചെങ്കിലും സ്മിത്തിനെ പുറത്താക്കി മർക്രം ദക്ഷിണാഫ്രിക്കയ്ക്ക് ബ്രേക്ക് ത്രൂ നൽകി. കാരെ (23) വെബ്സ്റ്റർക്കൊപ്പം പിടിച്ചു നിൽക്കുമെന്ന് തോന്നിച്ചെങ്കിലും ചായയ്ക്ക് ശേഷം അനാവശ്യ ഷോട്ട് കളിച്ച് മഹാരാജിന്റെ പന്തിൽ ക്ലീൻബൗൾഡായി.വെറും 20 റൺസിനിടെയാണ് ഓസീസിന് അവസാന 5 വിക്കറ്റുകൾ നഷ്ടമായത്.
റബാഡ 15.4 -5-51-5
332- ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ദക്ഷിണാഫ്രിക്കൻ താരങ്ങളിൽ അലൻ ഡൊണാൾഡിനെ മറികടന്ന് നാലാം സ്ഥാനത്തായി റബാഡ.
2- ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ബൗളറായി റബാഡ.
54- ടെസ്റ്റിൽ ഓസ്ട്രേലിയക്കെതിരെ റബാഡയുടെ വിക്കറ്റ് നേട്ടം 54 ആയി.
സ്മിത്ത് 591
ലോഡ്സിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന സന്ദർശക ടീം ബാറ്റർ എന്ന റെക്കാഡ് ഇന്നലത്തെ ഇന്നിംഗ്സോടെ സ്റ്റീവ് സ്മിത്ത് സ്വന്തമാക്കി.
മണിമുഴക്കി ഷാ
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് മുന്നോടിയായി ലോഡ്സിലെ പ്രശസ്തമായ മണിമുഴക്കിയത് ഐ.സി.സി ചെയർമാൻ ജയ് ഷാ ആയിരുന്നു.