സീൽ ചെയ്‌ത് ബ്രസീൽ, ചുവപ്പിൽ പതറാതെ അർജന്റീന

Thursday 12 June 2025 7:28 AM IST

കൊരിന്ത്യൻസ് അരീന: കാർലോ അൻസലോട്ടിയെന്ന ചാണക്യന്റെ ശിക്ഷണത്തിൽ 2026 ഫുട്ബോൾ ലോകകപ്പിന് യോഗ്യത ഉറപ്പിച്ച് ബ്രസീൽ. ഇന്നലെ നടന്ന ലാറ്റിനമേരിക്കൻ യോഗ്യതാ പോരാട്ടത്തിൽ പരാഗ്വെയെ ഏകപക്ഷീയമായ ഒരകു ഗോളിന് കീഴടക്കിയാണ് ബ്രസീൽ യു.എസ്.എയും കാനഡയും മെക്‌സിക്കോയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പിന്റെ 23-ാം പതിപ്പിന് ടിക്കറ്റെടുത്തത്. നേരത്തേ തന്നെ യോഗ്യത ഉറപ്പിച്ച ലോകചാമ്പ്യൻമാരായ അർജന്റീന കൊളംബിയക്കെതിരെ തോൽവി മുന്നിൽക്കണ്ടെങ്കിലും സമനില കൊണ്ട് തടിതപ്പി. മറ്റൊരു മത്സരത്തിൽ പെറുവുമായി ഗോൾ രഹിത സമനിലയിൽ പിരിഞ്ഞെങ്കിലും ഇക്വഡോറും ലോകകപ്പിന് യോഗ്യത നേടി.വെനസ്വേലയെ 2-0 ത്തിന് തോൽപ്പിച്ച ഉറുഗ്വെ യോഗ്യതയ്‌ക്കരികിലാണ്. അതേസമയം ബെളീവിയയോട് ഏകപക്ഷീയമായ രണ്ട് ഗോളിന് തോറ്റ ചിലി തുടർച്ചയായ മൂന്നാം തവണയും ലോകകപ്പിന് യോഗ്യത നേടാതെ പുറത്തായി.

വിനി വഴി

ബ്രസീലിന്റെ തട്ടകമായ കൊരിന്ത്യൻസ് അരീനയിൽ നടന്ന മത്സരത്തിൽ 44-ാംമിനിട്ടിൽ വിനീഷ്യസ് ജൂനിയറാണ് പരാഗ്വേയ്‌ക്കെതിരെ ആതിഥേയരുടെ വിജയ ഗോൾ നേടിയത്. റയൽ മാഡ്രിഡിലും ആൻസലോട്ടിയുടെ കുന്തമുനയായിരുന്നു വിനി. മത്തേവുസ് കുൻഹയുടെ പാസിൽ നിന്നാണ് വിനീഷ്യസിന്റെ ഫിനിഷിംഗ്. തുടർന്ന് തിരിച്ചടിക്കാൻ പൊരിതിക്കളിച്ച പരാഗ്വെയെ സമർത്ഥമായി തടഞ്ഞ് ബ്രസീൽ വിജയമുറപ്പിക്കുകയായിരുന്നു. ആൻസലോട്ടി പരിശീലക സ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ബ്രസീലിന്റെ രണ്ടാം മത്സരമാണിത്.ആദ്യ മത്സരത്തിൽ ബ്രസീൽ ഇക്വഡോറുമായി സമനിലയിൽ പിരിഞ്ഞിരുന്നു.

അൽമാഡ ആവേശം

അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്‌സിൽ കൊളംബിയക്കെതിരെ ഒരു ഗോളിന് പിന്നിലാവുകയും പത്ത് പേരായി ചുരുങ്ങുകയും ചെയ്‌തിട്ടും മെസിയും സംഘവും സമനില പിടിച്ചെടുക്കുകയായിരുന്നു. 24-ാം മിനിട്ടിൽ ലൂയിസ് ഡിയാസിന്റെ തകർപ്പൻ ഗോളലൂടെ കൊളംബിയ ലീഡെടുത്തു. 70-ാം മിനിട്ടിൽ എൻസോ ഫെർണാണ്ടസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ അർജന്റീന പത്ത് പേരായി ചുരുങ്ങി. 78-ാം മിനിട്ടിൽ മെസി കളം വിട്ടതിന് പിന്നാലെ 81-ാം മിനിട്ടിൽ തിയാഗോ അൽമാഡ അർജന്റീയനയ്ക്ക് സമനില സമ്മാനിച്ചു.

പോയിന്റ് ടേബിൾ

16 മത്സരങ്ങളിൽ നിന്ന് 35 പോയിന്റുള്ള അർജന്റീന തന്നെയാണ് പോയിന്റ് ടേബിളിൽ മുന്നിൽ. രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള ഇക്വഡോറിനും ബ്രസീലിനും ഇത്രയും മത്സരങ്ങളിൽ നിന്ന് 25 പോയിന്റാണുള്ളത്.ഗോൾ ശരാശരിയിൽ മുന്നിലായതിനാൽ ഇക്വഡോർ രണ്ടാമതായി. 24 പോയിന്റുള്ള ഉറുഗെയാണ് നാലാമത്.

1930- 2026- ഫിഫ ലോകകപ്പിൽ ഇതുവരെയുള്ള എല്ലാ എഡിഷനിലും കളിക്കാൻ യോഗ്യത നേടുന്ന ഏക ടീമാണ് ബ്രസീൽ. അഞ്ച് തവണ ലോക ചാമ്പ്യൻമാരുമായി.