അശ്വിൻ പൂവാലന്മാരെ പോലെ സംസാരിക്കുമെന്ന് ജീവനക്കാർ; മറുപടിയുമായി ദിയ, ചെപ്പക്കുറ്റി അടിച്ചു പൊട്ടിക്കണമെന്ന് സ്വാസിക

Thursday 12 June 2025 10:45 AM IST

തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ജീവനക്കാർ നടത്തിയ തട്ടിപ്പിന്റെ വാർത്തകളാണ് ഇപ്പോൾ കേരളത്തിലെ ചർച്ച. 'ഓ ബെെ ഓസി' എന്ന സ്ഥാപനത്തിലെ മുൻ ജീവനക്കാരാണ് ലക്ഷങ്ങളുടെ തിരിമറി നടത്തിയത്. വിനീത, ദിവ്യ, രാധാകുമാരി എന്നിവർ നിലവിൽ ഒളിവിലാണ്. പ്രതികൾക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയരീതിയിൽ പ്രതിഷേധം ഉയരുന്നുണ്ട്.

ജീവനക്കാർ മുൻപ് വാർത്തസമ്മേളനം നടത്തിയപ്പോൾ ദിയയുടെ ഭർത്താവ് അശ്വിനെതിരെ ചില പരാമർശങ്ങൾ നടത്തിയിരുന്നു. ദിയയുടെ ഭർത്താവ് പൂവാലന്മാരെ പോലെ രാത്രി വിളിച്ച് സംസാരിക്കുമെന്നാണ് അവർ പറഞ്ഞ്. ഇപ്പോഴിതാ ഇതിന് ദിയ നൽകിയ കമന്റാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. 'ഇന്നത്തെ മികച്ച കോമഡി അവാർഡ് ഈ പെൺകുട്ടിക്ക്' എന്ന ക്യാപ്ഷനോടെ ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ വന്ന വീഡിയോയിലാണ് ദിയ മറുപടി ഇട്ടത്.

'രാത്രി രണ്ടും മൂന്നും മണിക്ക് വിളിച്ചിട്ടാണ് ദിയയുടെ ഭർത്താവ് അത് പാക്ക് ചെയ്തോ ഇത് പായ്ക്ക് ചെയ്‌തോ എന്നൊക്കെ നമ്മളോട് ചോദിക്കുന്നത്. രാത്രി ഒരു മണിക്ക് വിളിച്ചിട്ട് ഹാലോ എന്ത് ചെയ്യുന്നുവെന്ന് ചോദിക്കും. പൂവാലന്മാരെ പോലെയാണ് സംസാരിക്കുന്നത്'- എന്നാണ് സ്ഥാപനത്തിലെ ജീവനക്കാരി മാദ്ധ്യമങ്ങളോട് പറഞ്ഞത്. ഈ വീഡിയോ ചർച്ചയായതോടെ 'വീട്ടിൽ ബിരിയാണി ആണ് മോളെ. മണ്ണുവാരി അവൻ തിന്നാറില്ല' എന്ന മറുപടിയാണ് ദിയ നൽകിയത്. പിന്നാലെ നിരവധി പേരാണ് ദിയയെ പിന്തുണയ്ക്ക് എത്തിയത്. ദിയയുടെ കമന്റിന് മാത്രം ഒരു ലക്ഷത്തിന് മുകളിൽ ലെെക്കാണ് ലഭിച്ചത്. നടി സ്വാസിക അടക്കമുള്ളവർ ദിയയെ പിന്തുണച്ചെത്തി. 'ചെപ്പക്കുറ്റി അടിച്ചു പൊട്ടിക്കണം' എന്നാണ് സ്വാസിക കമന്റ് ചെയ്തത്.

'ഇത്തിരി കൂടി കഴിഞ്ഞിരുന്നേൽ കൃഷ്ണകുമാർ പീഡിപ്പിച്ചെന്ന് പറഞ്ഞു വന്നേനെ', 'കുട്ടീടെ ഓരോ ആഗ്രഹങ്ങളെ', 'വീട്ടിൽ ബിരിയാണി വെച്ചിട്ട് ആരെങ്കിലും പഴങ്കഞ്ഞി കുടിക്കാൻ പോകുമോ', 'ജാതി കാർഡ്, പൂവാല ശല്യം. പോരട്ടെ, പോരട്ടെ, കുറച്ച് ഒക്കെ വിശ്വസിക്കാൻ പറ്റുന്ന കള്ളങ്ങൾ പറ'- ഇങ്ങനെ പോകുന്നു കമന്റുകൾ.