വിലകൂടിയതോടെ വ്യാജനും എത്തി; ഒറ്റനോട്ടത്തിൽ തിരിച്ചറിയാം, വെളിച്ചെണ്ണ വാങ്ങുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചാൽ മതി
കണ്ണൂർ :വെളിച്ചെണ്ണ വില കുതിച്ചുയർന്ന് അടുക്കള ബഡ്ജറ്റ് താളം തെറ്റിക്കുന്നു. രണ്ടു മാസം മുമ്പ് 250 രൂപയായിരുന്ന വെളിച്ചെണ്ണയ്ക്ക് ഇപ്പോൾ 350 നൽകണം ചക്കിൽ ആട്ടിയ വെളിച്ചെണ്ണയ്ക്ക് 390 രൂപ മുതൽ 400 രൂപ വരെയാണ് വില. ഗുണമേന്മയുള്ള കൊപ്ര ലഭിക്കാത്തതാണ് വില ഉയരാൻ പ്രധാനകാരണമായി ചൂണ്ടാക്കാട്ടുന്നത്. വെളിച്ചെണ്ണ ഉത്പ്പാദനവും കുറഞ്ഞു വരികയാണ്.
നേരത്തെ ലഭിക്കുന്നതിന്റെ പകുതി ലോഡ് മാത്രമാണ് എത്തുന്നതെന്ന് ചെറുകിട വ്യാപാരികൾ പറഞ്ഞു. പച്ചതേങ്ങ കിലോയ്ക്ക് 75മുതൽ 80 വരെയാണ് വില.കൊപ്ര വില ക്വിന്റലിന് 21,000 രൂപ കടന്നു.പച്ചതേങ്ങ ഉണക്കി കൊപ്രയായി ആട്ടുമ്പോൾ ചിലവ് വീണ്ടും ഉയരും.
മഴ തുടങ്ങിയതോടെ ആവശ്യത്തിന് പച്ച തേങ്ങ കിട്ടാത്തതും പ്രതിസന്ധിയായി.നാടൻ തേങ്ങ മറ്റ് സംസ്ഥാനങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതും വില വർദ്ധിക്കാൻ പ്രധാന കാരണമാണ് . തമിഴ്‌നാട്ടിൽ നിന്ന് എത്തുന്ന ഗുണമേന്മ കുറഞ്ഞ തേങ്ങയ്ക്ക് വിപണിയും കുറവാണെന്ന് വ്യാപാരികൾ പറഞ്ഞു.
തെങ്ങുകളിൽ പടരുന്ന മഞ്ഞളിപ്പ് രോഗം വലിയതോതിൽ ഉത്പാദനതകർച്ചയ്ക്ക് കാരണമാകുന്നതായാണ് കർഷകർ സാക്ഷ്യപ്പെടുത്തുന്നത്.ഓലകൾക്ക് ചെറിയ മഞ്ഞനിറം വരികയും കുലകൾ ശോഷിച്ചു താഴുകയും ചെയ്യുന്നതാണ് മഞ്ഞളിപ്പ് രോഗത്തിന്റെ ആദ്യലക്ഷണങ്ങൾ. തേങ്ങയ്ക്ക് നല്ല വിലയുള്ള ഈ സമയത്താണ് ഉത്പാദനതകർച്ചയിൽ കർഷകർ വില കൊടുക്കേണ്ടിവരുന്നത്.
മുതലെടുത്ത് വ്യാജന്മാർ വില കത്തിക്കയറുന്ന സ്ഥിതിയിൽ വിലക്കുറവിൽ ആകർഷിക്കപ്പെടുന്ന ഉപഭോക്താക്കൾ നിലവാരം കുറഞ്ഞ വ്യാജ വെളിച്ചെണ്ണയുടെ ഇരയായി തീരുന്ന അനുഭവങ്ങളും കുറവല്ല.സുരക്ഷിതത്വം ഉറപ്പില്ലാതെ ഈ ഇനങ്ങൾ 200 മുതൽ 220 രൂപ വരെയായാണ് വിറ്റഴിക്കപ്പെടുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും ഗുണമേന്മ കുറഞ്ഞ വെളിച്ചെണ്ണ ടാങ്കറുകളിൽ എത്തിച്ച് ഹാനികരമായ മിശ്രിതങ്ങൾ കലർത്തിയുള്ള വിൽപ്പനയും നടക്കുന്നുണ്ടെന്നാണ് മാർക്കറ്റിൽ നിന്നുള്ള വിവരം. വെളിച്ചെണ്ണക്ക് വില കൂടിയതോടെ വിപണിയിൽ ലഭ്യമായ മറ്റ് എണ്ണകൾ പരീക്ഷിക്കുന്നവരുടെ എണ്ണവും കൂടിവരുന്നു.
തിരിച്ചറിയാം വ്യാജനെ
ലേബൽ ശ്രദ്ധിക്കുക
ചേരുവയിൽ ഒന്നിലധികം എണ്ണകൾ ഉണ്ടെങ്കിൽ
എക്സ്പയറി ഡേറ്റ്
വളരെ കുറഞ്ഞ വില
അടച്ചുറപ്പില്ലാത്ത പാക്കിംഗ്
നിറം,മണം,രുചി എന്നിവയിലെ വ്യത്യാസം
പരീക്ഷിച്ചും അറിയാം
ഗുണനിലവാരം പരിശോധിക്കാൻ ഒരു പാത്രത്തിൽ കുറച്ച് വെളിച്ചെണ്ണ എടുത്ത് 5-10 ഡിഗ്രി താപനിലയിൽ ഫ്രിഡ്ജിൽ സൂക്ഷിക്കുക. 60-90 മിനിറ്റ് കാത്തിരിക്കുക. ശുദ്ധമായ വെളിച്ചെണ്ണ കട്ടിയാകും, എന്നാൽ മായം കലർന്ന എണ്ണകൾക്ക് മുകളിൽ ഒരു പ്രത്യേക പാളി ഉണ്ടാകും.
കൊപ്ര കിട്ടാനില്ലാതായോടെയാണ് വെളിച്ചെണ്ണ വില ഉയർന്നതിന് പിന്നിൽ.പൊതുവെ വില കൂടിയ സാഹചര്യത്തിൽ തേങ്ങ ഉത്പ്പാദനം വളരെ കുറഞ്ഞു.മഞ്ഞളിപ്പ് രോഗം വലിയ തോതിൽ കർഷരെ ബാധിച്ചു.കൃഷി വകുപ്പ് ഇടപെടണം.
പി.ഭാസ്ക്കരൻ ,കർഷകൻ