കൂട്ടുകാരോട് പിണങ്ങി മുന്നുംപിന്നും നോക്കാതെ എടുത്തുചാടിയത് ടിപ്പറിന് മുന്നിൽ; വിദ്യാർത്ഥി രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

Thursday 12 June 2025 12:09 PM IST

കോഴിക്കോട്: കൂട്ടുകാരോടൊപ്പം സംസാരിച്ചുകൊണ്ടിരിക്കെ പിണങ്ങി ടിപ്പറിന് മുന്നിലേക്ക് എടുത്തുചാടി വിദ്യാർത്ഥി. ഡ്രൈവറുടെ സമയോചിത ഇടപെടൽ കാരണം വിദ്യാർത്ഥി രക്ഷപ്പെട്ടു.

ഇന്നലെ വൈകിട്ട് 5.30നായിരുന്നു സംഭവം. കോഴിക്കോട് കട്ടാങ്ങൽ പെട്രോൾ പമ്പിന് സമീപത്തെ കോഫി ഷോപ്പിന് മുന്നിൽ നിന്ന് സംസാരിക്കുകയായിരുന്നു മൂന്ന് കുട്ടികൾ. പെട്ടെന്ന് ഇതിലൊരാൾ പിണങ്ങി റോഡിലേക്കിറങ്ങുകയും ടിപ്പർ വന്നപ്പോൾ മുന്നിലേക്ക് എടുത്ത് ചാടുകയുമായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

സ്‌കൂട്ടറിൽ കൂട്ടുകാർക്കൊപ്പം ഇരിക്കുകയായിരുന്നു വിദ്യാർത്ഥി. ഇവർ സംസാരിക്കുന്നത് വീഡിയോയിൽ കാണാം. ഇതിനിടെ സ്‌കൂട്ടറിൽ നിന്നിറങ്ങി ഒരു വിദ്യാർത്ഥി റോഡിലേക്ക് നടന്ന് നീങ്ങുന്നത് കാണാം. ടിപ്പർ കടന്നുവരുന്നത് കണ്ട് എന്തുചെയ്യണമെന്നറിയാതെ കുട്ടി നിൽക്കുന്നുണ്ട്. പിന്നാലെ ടിപ്പർ ഡ്രൈവർ സഡൻ ബ്രേക്കിട്ടതുകൊണ്ട് മാത്രം കുട്ടി രക്ഷപ്പെട്ടു. കാര്യമായ പരിക്കുകളൊന്നും ഏറ്റിട്ടില്ല.