'എസി വാങ്ങുന്നയാൾ ആധാറുമായി ലിങ്ക് ചെയ്യണം, താപനില 20 ഡിഗ്രിയിൽ താഴെയായാൽ പൊലീസ് സ്റ്റേഷനിൽ വിവരം ലഭിക്കും'

Thursday 12 June 2025 12:18 PM IST

വേനൽക്കാലമായാൽ ഫാൻ ഇട്ടാൽ പോലും വീടിനകത്ത് ഇരിക്കാൻ പറ്റാത്ത സ്ഥിതിയാണ്. എ സിയുടെ വില താങ്ങാവുന്നതിനപ്പുറമാണെങ്കിലും പലരും ഇഎംഐക്കൊക്കെ ഇത് വാങ്ങി വീട്ടിൽവയ്ക്കും. മുറി എത്രത്തോളം തണുപ്പിക്കാമോ അത്രത്തോളം തണുപ്പിക്കുകയും ചെയ്യും.

നിലവിൽ 16 ഡിഗ്രിയാണ് കുറഞ്ഞ താപനില. എന്നാൽ രാജ്യത്ത് എയർ കണ്ടീഷണറുകളിലെ കുറഞ്ഞ താപനില 20 ഡിഗ്രിയായും ഉയർന്ന താപനില 28 ഡിഗ്രിയും സെറ്റ് ചെയ്യണമെന്ന് കേന്ദ്ര സർക്കാർ നിർദേശം നൽകിയിരുന്നു.

20 ഡിഗ്രിയിൽ സെറ്റു ചെയ്‌ത എ സികൾ വീടുകളിലും ഹോട്ടലുകളിലും മറ്റു സ്ഥാപനങ്ങളിലും ഉടൻ വില്പനയ്‌ക്ക് എത്തും. വാഹനങ്ങളിലെ എ സിക്കും നിയന്ത്രണം വരുമെന്ന് കേന്ദ്ര ഊർജ്ജ മന്ത്രി മനോഹർ ലാൽ ഖട്ടർ അറിയിച്ചിരുന്നു. ഇത്തരത്തിലൊരു പരീക്ഷണം രാജ്യത്ത് ആദ്യമാണെന്നും മന്ത്രി വ്യക്തമാക്കി. വേനൽക്കാലത്ത് വൈദ്യുതി ഉപഭോഗം പാരമ്യത്തിലെത്തും. ഇത് കുറയ്ക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.


കേന്ദ്ര സർക്കാരിന്റെ നിർദേശം വളരെപ്പെട്ടന്നുതന്നെ സോഷ്യൽ മീഡിയയിൽ ചർച്ചയായി. ഇതുമായി ബന്ധപ്പെട്ട രസകരമായ പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ചിലർ ഇത് ശരിയായ നടപടിയാണെന്ന് വിശ്വസിക്കുന്നു. എന്നാൽ ചിലർ ഇതിനെ വിമർശിക്കുകയും ചെയ്യുന്നു.

'എസിയിൽ ഒരു നാനോ ചിപ്പ് ഉണ്ടാകും. താപനില 20യിൽ താഴെയാക്കിക്കഴിഞ്ഞാൽ, സിഗ്നൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് പോകുകയും നിങ്ങളുടെ എസി എടുത്തുകളയുകയും ചെയ്യും.'- എന്നാണ് ഒരാൾ പരിഹസിച്ചുകൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്. 'എസികൾ കേന്ദ്ര മന്ത്രാലയം റിമോട്ട് ആയി നിയന്ത്രിക്കണം. വാങ്ങുന്നയാൾ തന്റെ ആധാർ എസിയുമായി ലിങ്ക് ചെയ്യുകയും താപനില മാറ്റത്തിനുള്ള അഭ്യർത്ഥന എംആധാർ ആപ്പ് വഴി സമർപ്പിക്കുകയും വേണം, അത് സാറ്റ്‌ലൈറ്റ് വഴി ലിങ്ക് ചെയ്ത് അംഗീകാരത്തിനായി അയയ്ക്കും'- എന്നാണ് മറ്റൊരു കമന്റ്.