"നാളെ വേണമെങ്കിൽ അച്ഛൻ അവരെ വിളിച്ചെന്നുപറയും, പക്ഷേ തെളിവാണല്ലോ ആവശ്യം, തെളിവ് എവിടെ?"
തിരുവനന്തപുരം: തന്റെ സ്ഥാപനത്തിൽ തട്ടിപ്പ് നടത്തിയ വനിതാ ജീവനക്കാരെ എത്രയും വേഗം പിടികൂടണമെന്ന് ദിയ കൃഷ്ണ. തെളിവുകളെല്ലാം അന്വേഷണ സംഘത്തെ ഏൽപിച്ചിട്ടുണ്ടെന്നും, ജീവനക്കാർ നൽകിയ പരാതിയിൽ എന്ത് തെളിവാണ് അവർ കൊണ്ടുവരുന്നതെന്ന് നമുക്ക് കാണാമെന്നും ദിയ വ്യക്തമാക്കി.
'ഓഡിറ്റിംഗ് അടക്കമുള്ള കാര്യങ്ങളുടെ വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥരെ ഏൽപിച്ചു. അതെല്ലാം കൃത്യമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞുകഴിഞ്ഞു. അച്ഛനും ഞാനും പറഞ്ഞതുതന്നെയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. പക്ഷേ ജീവനക്കാർ പറഞ്ഞ ഒരു കാര്യം പോലും തെളിയിക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല. ഇനി വേണമെങ്കിൽ അവർ അടുത്ത കള്ളവുമായി ഇറങ്ങും. നാളെ വേണമെങ്കിൽ അച്ഛൻ അവരെ വിളിച്ചെന്നുപറയാം. അല്ലെങ്കിൽ അമ്മ അവരെ വിളിച്ചെന്നുപറയാം. പക്ഷേ തെളിവാണല്ലോ ആവശ്യം. തെളിവ് എവിടെ?'- ദിയ ചോദിച്ചു.
ദിയയുടെ 'ഒ ബൈ ഓസി' എന്ന സ്ഥാപനത്തിലെ ജീവനക്കാരായ വിനിത, ദിവ്യ, രാധാകുമാരി എന്നിവർ 69 ലക്ഷം രൂപ തട്ടിയെടുത്തെന്ന് ചൂണ്ടികാണിച്ചാണ് ദിയ പരാതി നൽകിയത്. കേസ് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ചിന് വിട്ടിരുന്നു.
മ്യൂസിയം പൊലീസിന് അമിതമായി കേസുകളുണ്ടെന്നും മുഖ്യമന്ത്രി, ഗവണർ അടക്കമുള്ളവരുടെ യാത്രയ്ക്ക് സുരക്ഷയൊരുക്കാൻ പ്രധാന പങ്ക് വഹിക്കുന്ന സ്റ്റേഷനാണെന്നും ചൂണ്ടിക്കാട്ടി സിറ്റി പൊലീസ് കമ്മിഷണർ ഡി.ജി.പിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.
ദിയയുടെ സ്ഥാപനത്തിലും പൊലീസ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. ടാക്സ് വെട്ടിക്കാനായി സ്വന്തം അക്കൗണ്ടിലേക്ക് പണം സ്വീകരിക്കണമെന്നും, എടിഎമ്മിൽ നിന്നെടുത്ത് പണം തനിക്ക് തരണമെന്നും ദിയയാണ് തങ്ങളോട് പറഞ്ഞതെന്നാണ് ജീവനക്കാരികൾ പറയുന്നത്.
സാമ്പത്തിക തട്ടിപ്പ് പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞ് തട്ടിക്കൊണ്ടുപോയി, ഭീഷണിപ്പെടുത്തി പണം കവർന്നെന്ന് കാണിച്ച് ജീവനക്കാർ ദിയയ്‌ക്കും പിതാവും ബിജെപി നേതാവുമായ കൃഷ്ണകുമാറിനുമെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നാലെ ഇരുവരും തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു.
ജീവനക്കാരുടെ പരാതിയിൽ കഴമ്പില്ലെന്ന നിഗമനത്തിലാണ് പൊലീസ്. ദിയ കൃഷ്ണയുടെ ഫ്ളാറ്റിൽ നിന്ന് യുവതികൾ രണ്ടു കാറുകളിലായി കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇതിൽ നിന്നാണ് പരാതിയിൽ കഴമ്പില്ലെന്ന നിഗമനത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ എത്തിയത്.