ആലുവ മാർത്താണ്ഡ വർമ്മ പാലത്തിന് 85 -ാം പിറന്നാൾ
ആലുവ: മദ്ധ്യകേരളത്തിന്റെ ഒരു പ്രധാന അടയാളമായി, ദേശീയപാതയിൽ പെരിയാറിന് കുറുകെ തലയുയർത്തി നിൽക്കുന്ന ആലുവ മാർത്താണ്ഡവർമ്മ പാലത്തിന് നാളെ 85 വയസ്. 1940 ജൂൺ 14നാണ് രാജകീയ പ്രൗഢയോടെ പാലം ഗതാഗതത്തിനായി തുറന്നുനൽകിയത്.
മലബാറിൽ നിന്ന് തിരുവിതാംകൂറലേക്കുള്ള ഒരു പുതിയ പാതയെന്ന നിലയിൽ, അന്നത്തെ തിരുവിതാംകൂർ ഇളയരാജാവായിരുന്ന മാർത്താണ്ഡവർമ്മയാണ് പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തത്. അഞ്ചര മീറ്റർ വീതിയും 141 മീറ്റർ നീളവുമുള്ള പാലം തിരുകൊച്ചിയിലെ ആദ്യത്തെ ആർച്ച് പാലമായിരുന്നു.
മലബാർ തിരുകൊച്ചി സംസ്ഥാനങ്ങളലേക്കുള്ള ഗതാഗതം സുഗമമാക്കുന്നതിനൊപ്പം, പെരിയാറിനാൽ വേർപെട്ടു കിടന്ന തിരുകൊച്ചിയെ യോജിപ്പിക്കുക എന്നതും നിർമ്മാണ ലക്ഷ്യമായിരുന്നു. മാർത്താണ്ഡവർമ്മ പാലത്തിന്റെ അതേ മാതൃകയിൽ വർഷങ്ങൾക്കുശേഷം തൊട്ടടുത്ത് മംഗലപ്പുഴ പാലം കൂടി നിർമ്മിച്ചിരുന്നു. ദേശീയപാതയുടെ തിരക്ക് വർദ്ധിച്ചപ്പോൾ രണ്ടിടത്തും അതേ മാതൃകയിൽ സമാന്തര പാലങ്ങൾ നിർമ്മിക്കുകയായിരുന്നു.
ചെലവ് എട്ട് ലക്ഷം, നിർമ്മാണ കാലയളവ് മൂന്ന് വർഷം എട്ട് ലക്ഷം രൂപ ചെലവിൽ മൂന്ന് വർഷം കൊണ്ടായിരുന്നു പാലത്തിന്റെ നിർമ്മാണം. പാലത്തിന്റെ ഇരുഭാഗത്തുമായി മൂന്ന് വീതം ആർച്ചുകളാണുള്ളത്. ബ്രിട്ടീഷുകാരനായ ജി.ബി.എസ്. ട്രസ്‌കോട്ട്, എം.എസ്. ദുരൈസ്വാമി എന്നിവർ ചീഫ് എൻജിനിയർമാരായിരുന്നപ്പോൾ, ജെ.ബി. ഗാമൺ ആൻഡ് കമ്പനിയാണ് പാലം നിർമ്മിച്ചത്. തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റെ ചിഹ്നം ശിലാഫലകത്തിൽ കാണാം.
പാലത്തിന്റെ ഡക്കിനു താഴെ ആറിടങ്ങളിലായി ഇറ്റലിയിൽ നിന്ന് ഇറക്കുമതി ചെയ്ത സ്പ്രിംഗുകൾ കോൺക്രീറ്റ് പെട്ടികളിലാക്കി ഒരു 'ഷോക്ക് അബ്‌സോർബിംഗ് സിസ്റ്റം' സ്ഥാപിച്ചിട്ടുണ്ട്. കരിങ്കൽപാളികൾ കൊണ്ടാണ് പാലത്തിന്റെ തൂണുകൾ നിർമ്മിച്ചിട്ടുള്ളത്. 2002ൽ തുറന്ന സമാന്തര പാലത്തിന് എട്ട് കോടി രൂപയായിരുന്നു നിർമ്മാണച്ചെലവ്.
രക്തസാക്ഷികളായത് 11 പേർ പാലം നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ 11 പേരുടെ ജീവൻ നഷ്ടമായിട്ടുണ്ട്. അപകടത്തിൽനിന്ന് രക്ഷപ്പെട്ടത് തോട്ടക്കാട്ടുകര താണിപ്പിള്ളി വീട്ടിൽ തൊമ്മി മാത്രമായിരുന്നു. 2004ൽ തൊമ്മി മരിച്ചു. മരിച്ചവരെല്ലാം ആലുവ സ്വദേശികളായ 20 വയസിൽ താഴെ പ്രായമുള്ളവരായിരുന്നു.
എലവേറ്റഡ് ഹൈവേ ആവശ്യം മാർത്താണ്ഡവർമ്മ പാലത്തിനും സമാന്തര പാലം നിർമ്മിച്ചെങ്കിലും ഗതാഗതക്കുരുക്കിന് പൂർണമായ പരിഹാരമായിട്ടില്ല. അതിനാൽ, പുളഞ്ചോട് മുതൽ ദേശം വരെ ഒരു എലവേറ്റഡ് ഹൈവേ വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുടെ നിർദ്ദേശപ്രകാരം ദേശീയപാത അധികാരികൾ സ്ഥലം സന്ദർശിച്ചെങ്കിലും ഇതുവരെ നടപടികൾ എങ്ങുമെത്തിയിട്ടില്ല.