ചോറ്റാനിക്കര ക്ഷേത്രത്തിൽ വെടിവഴിപാട് കൊടുംകൊള്ള
കൊച്ചി: ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിലെ വെടിവഴിപാട് ഭക്തരെ കബളിപ്പിക്കുന്ന ബ്രഹ്മാണ്ഡൻ തട്ടിപ്പ്. മറ്റൊരു ക്ഷേത്രത്തിലും ഇല്ലാത്ത വിധം തോന്നിയ നിരക്കിലാണ് ചോറ്റാനിക്കരയിലെ വിവിധതരം വിചിത്ര വെടിവഴിപാടുകൾ. കൊച്ചിൻ ദേവസ്വം നിശ്ചയിച്ചിട്ടുള്ള നിരക്ക് ഒന്നിന് 15 രൂപയാണെങ്കിലും കരാറുകാരുടെ നിരക്ക് മിനിമം 40 മുതൽ 1500 രൂപ വരെയാണ്.
ശത്രുസംഹാര വെടിവഴിപാട്, ഐശ്വര്യ വെടിവഴിപാട്, ആരോഗ്യ വെടിവഴിപാട്, ധനസമൃദ്ധി വെടി വഴിപാട് അങ്ങനെ 10 തരം വെടിവഴിപാടുകൾ കരാറുകാരന്റെ വകയാണ്. എല്ലാ ചെലവുകളും കൂട്ടിയാൽ അഞ്ചു രൂപ പോലും ചെലവില്ലാത്ത സിംഗിൾ വെടിവഴിപാടിന് 40 രൂപയാണ് നിരക്ക്.
സ്വന്തം മൈക്കിലൂടെ വഴിപാടുകളുടെ ഫലസിദ്ധി അനൗൺസ് ചെയ്ത് ഭക്തരെ ആകർഷിക്കുകയാണ് രീതി. തിരക്കുള്ള ദിവസങ്ങളിൽ ഒരു ലക്ഷത്തിലധികം രൂപ പിരിയും. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള പ്രധാന ക്ഷേത്രങ്ങളിൽ വെടിവഴിപാടുണ്ടെങ്കിലും ഇത്തരം തീവെട്ടിക്കൊള്ള മറ്റെങ്ങുമില്ല.
ഉപദേശക സമിതിയുടെ മറവിൽ പ്രാദേശിക ഭരണകൂടത്തിന്റെ ഒത്താശയോടെയാണ് ഭക്തജനങ്ങളെ കൊള്ളയടിക്കൽ. നിരക്ക് എഴുതി വച്ചിട്ടുമില്ല. വിചിത്രവഴിപാടുകളുള്ള രശീതുകൾ കൗണ്ടറിൽ നിരത്തി പ്രദർശിപ്പിച്ചിട്ടുണ്ടെന്ന് മാത്രം. കരാറുകാർ വെടിവഴിപാടിന് ചുമതലപ്പെടുത്തിയിട്ടുള്ള തൊഴിലാളികൾക്ക് പരിചയമോ സർട്ടിഫിക്കറ്റോ ഉണ്ടോയെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് അന്വേഷിക്കാറുമില്ല.
ബിനാമി വെടിവഴിപാട്
18 ലക്ഷം രൂപയ്ക്ക് പാലക്കാട്ടുകാരനാണ് ക്ഷേത്രത്തിലെ കരാറെടുത്തത്. വെടിമരുന്ന് സൂക്ഷിക്കാനുള്ള എൽ ത്രീ ലൈസൻസ് ഇതിന് നിർബന്ധമാണ്. കരാറുകാരൻ രേഖയിൽ മാത്രമേയുള്ളൂ. ചോറ്റാനിക്കരയിലെ പ്രമുഖ ഇടതുനേതാവാണ് നടത്തിപ്പുകാരൻ. സ്ഥാനമൊഴിഞ്ഞ ഉപദേശക സമിതിയിലെ അംഗവുമായിരുന്നു. ഇയാളുടെ ഭാവനയിൽ രൂപം കൊണ്ടതാണ് പലതരം വിചിത്ര പേരിലെ വഴിപാടുകൾ. കരാറുകാരന് പിച്ചക്കാശ് നൽകി ദിവസവും പതിനായിരങ്ങളാണ് ഇയാൾ പോക്കറ്റിലാക്കുന്നത്.
വെടി വഴിപാട് നിരക്ക്
സിംഗിൾ വെടിവഴിപാടിന് 40
ശത്രുസംഹാരത്തിന് 300 രൂപ ( 21 എണ്ണം )
ഐശ്വര്യത്തിന് 750രൂപ (51 എണ്ണം )
നൂറ്റൊന്നു വെടിവഴിപാടിന് 1500 രൂപ.
ഒരു കിലോ വെടിമരുന്നിന് 400 രൂപ
കതിനയിൽ വേണ്ടത് 25 ഗ്രാം