എ.ടി.എം തകർക്കാൻ ശ്രമം, പ്രതി സ്പെഷ്യൽ സ്ക്വാഡിന്റെ പിടിയിൽ
കൊച്ചി: അസാമിൽ വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ പെരുമ്പാവൂർ മുടിക്കൽ വഞ്ചിനാട് ജംഗ്ഷനിലെ എ.ടി.എം തകർക്കാൻ ശ്രമിച്ചതിന് പെരുമ്പാവൂർ എ.എസ്.പിയുടെ സ്പെഷ്യൽസ്ക്വാഡും പെരുമ്പാവൂർ പൊലീസും ചേർന്ന് പിടികൂടി. അസാം നൗഗാവ് സ്വദേശി റജിബുൽ ഇസ്ലാമാണ് (26) പിടിയിലായത്. ബുധനാഴ്ച പുലർച്ചെ മൂന്നോടെ കവർച്ചാശ്രമം നടത്തി മുങ്ങിയ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ മുടിക്കലിലെ പ്ളൈവുഡ് കമ്പനിയിൽ നിന്നാണ് പിടികൂടിയത്. കമ്പിപ്പാര ഉപയോഗിച്ച് എ.ടി.എം തകർക്കാനായിരുന്നു ശ്രമം.
12 വർഷം മുമ്പാണ് ഇയാൾ ഇവിടെ എത്തിയത്. ഇടയ്ക്കിടെ നാട്ടിൽ പോയി വരുന്നതിനിടയിൽ കഴിഞ്ഞവർഷം അസാമിൽ കവർച്ചക്കേസിൽ പിടിയിലായി ജയിലിലായിരുന്നു. പുറത്തിറങ്ങി വീണ്ടും ഇവിടെയെത്തി.
റൂറൽ എസ്.പി എം. ഹേമലതയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ഇയാൾ മറ്റ് കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാൻ പൊലീസ് അന്വേഷണം തുടങ്ങി. പെരുമ്പാവൂർ എ.എസ്.പി ശക്തിസിംഗ് ആര്യ, ഇൻസ്‌പെക്ടർ ടി.എം. സൂഫി, എസ്.ഐമാരായ റിൻസ് എം. തോമസ്, പി. എം. റാസിഖ്, എ.എസ്.ഐമാരായ പി.എം. അബ്ദുൽ മനാഫ്, സാജിത, സീനിയർ സി.പി.ഒമാരായ വർഗീസ് ടി. വേണാട്ട്, ടി.എ. അഫ്‌സൽ, ബെന്നി ഐസക്, നജിമി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.