വീട് പണയപ്പെടുത്തി തട്ടിപ്പ്: ദമ്പതികളും മകനും അറസ്റ്റിൽ

Thursday 12 June 2025 8:54 PM IST
മാർട്ടിൻ, ജിഗി, റോഷൻ

കൊച്ചി: ജപ്തി നേരിടുന്ന വീട് പണയപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന ദമ്പതികളും മകനും അറസ്റ്റിൽ. കാഞ്ഞിരമറ്റത്ത് താമസിക്കുന്ന ചമ്പക്കര സ്വദേശി മാർട്ടിൻ(55), ഭാര്യ ജിഗി (52), മകൻ റോഷൻ (23) എന്നിവരാണ് അറസ്റ്റിലായത്.

ഉദയംപേരൂ‌ർ കണ്ടനാടുള്ള വീട് എരൂർ സ്വദേശിയായ യുവതിക്ക് 10ലക്ഷം രൂപയ്ക്കാണ് പണയത്തിന് നൽകിയത്. ബാങ്കിൽനിന്ന് ജപ്തിഭീഷണി നേരിടുന്ന വീടാണെന്ന കാര്യം മറച്ചുപിടിച്ചായിരുന്നു ഇത്. തുടർന്ന് കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഒളിവിലായിരുന്ന പ്രതികളെ തൃശൂരിൽനിന്നാണ് കസ്റ്റഡിയിലെടുത്തത്. സമാനമായ രീതിയിൽ നിരവധിപേരെ വഞ്ചിച്ചതിന് മരട്, ഹിൽപാലസ് ഉൾപ്പെടെയുള്ള സ്റ്റേഷനുകളിൽ പരാതികളും കേസുകളുമുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.