നാണയപ്പെരുപ്പത്തിൽ ആശ്വാസം തുടരുന്നു
ചില്ലറ വില സൂചിക 2.82 ശതമാനമായി കുറഞ്ഞു
കൊച്ചി: ഇന്ത്യയിൽ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമായ നാണയപ്പെരുപ്പം മേയിൽ 75 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 2.82 ശതമാനമായി. ഏപ്രിലിൽ നാണയപ്പെരുപ്പം 3.2 ശതമാനമായിരുന്നു. തുടർച്ചയായ നാലാം മാസമാണ് നാണയപ്പെരുപ്പം റിസർവ് ബാങ്ക് ലക്ഷ്യമിടുന്ന നാല് ശതമാനത്തിന് താഴെയെത്തുന്നത്. ഉപഭോക്തൃ വില സൂചിക കണക്കാക്കുന്നതിൽ അൻപത് ശതമാനത്തിലധികം പങ്കാളിത്തമുള്ള ഭക്ഷ്യ വില സൂചിക മൂന്നാം വാരവും മൂന്ന് ശതമാനത്തിൽ താഴെ തുടർന്നു. നടപ്പു സാമ്പത്തിക വർഷം ഇന്ത്യയുടെ ശരാശരി നാണയപ്പെരുപ്പം 3.7 ശതമാനമാകുമെന്നാണ് റിസർവ് ബാങ്കിന്റെ വിലയിരുത്തൽ.
ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലയിലെ വർദ്ധന 0.99 ശതമാനമാണ്. ഏപ്രിലിൽ ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലയിൽ 1.78 ശതമാനം വർദ്ധനയുണ്ടായിരുന്നു. അവലോകന കാലയളവിൽ പച്ചക്കറി വില മുൻവർഷത്തേക്കാൾ 13.7 ശതമാനം കുറഞ്ഞു. ധാന്യങ്ങൾക്ക് 4.77 ശതമാനം വില വർദ്ധിപ്പിച്ചപ്പോൾ പയർവർഗങ്ങളുടെ വില 8.22 ശതമാനം താഴ്ന്നു.
ഗ്രാമീണ മേഖലയിൽ വിലക്കയറ്റ തോത് കുറവ്
ഗ്രാമീണ മേഖലയിലെ നാണയപ്പെരുപ്പം 2.59 ശതമാനമായി താഴ്ന്നു. നഗര മേഖലയിൽ വില സൂചിക 3.07 ശതമാനത്തിലേക്കും കുറഞ്ഞു. അതേസമയം വിദ്യാഭ്യാസ, ആരോഗ്യ, ഗതാഗത ചെലവുകൾ ഉയർന്നു. ഇന്ധന വില സൂചിക 2.78 ശതമാനത്തിലേക്ക് താഴ്ന്നു.
വിലക്കയറ്റം നിയന്ത്രിക്കുന്നത്
1.ഫെബ്രുവരി, ഏപ്രിൽ മാസങ്ങളിൽ റിസർവ് ബാങ്ക് റിപ്പോ കാൽ ശതമാനം വീതം കുറച്ചതോടെ വിപണിയിൽ പണലഭ്യത കൂടി
2. കാലവർഷം മെച്ചപ്പെട്ടതോടെ കാർഷിക ഉത്പാദനം കൂടിയതിനാൽ ഉത്പന്നങ്ങളുടെ ലഭ്യതയിലെ വർദ്ധന വില സമ്മർദ്ദം കുറച്ചു
3.ആഗോള വ്യാപാര അനിശ്ചിതത്വം കയറ്റുമതി കുറച്ചതോടെ ആഭ്യന്തര വിപണിയിൽ ഉത്പന്നങ്ങളുടെ ലഭ്യത ഉയർന്നു
4. സാമ്പത്തിക മേഖലയിലെ തളർച്ച കണക്കിലെടുത്ത് ഉപഭോക്താക്കൾ ചെലവ് ചുരുക്കിയതും അനുകൂലമായി
കേരളത്തിൽ വിലക്കയറ്റത്തിന് ശമനമില്ല
വിലക്കയറ്റ സൂചികയിൽ കേരളം ഇത്തവണയും ഒന്നാം സ്ഥാനത്ത് തുടർന്നു. കേന്ദ്ര സർക്കാർ പുറത്തുവിട്ട കണക്കുകളനുസരിച്ച് കേരളത്തിൽ ഉപഭോക്തൃ വില സൂചികയിലെ വർദ്ധന 6.46 ശതമാനമാണ്. പഞ്ചാബിൽ 5.21 ശതമാനവും ജമ്മു കാശ്മീരിൽ 4.55 ശതമാനവും വളർച്ചയാണ് വില സൂചികയിലുണ്ടായത്.