കേരള, കൊങ്കൺ മേഖലയിൽ എണ്ണപര്യവേക്ഷണം
കൊച്ചി തുറമുഖവും ഓയിൽ ഇന്ത്യയും കരാർ ഒപ്പിട്ടു
കൊച്ചി: കേരള, കൊങ്കൺ മേഖലയിലെ തീരക്കടലിൽ എണ്ണപര്യവേക്ഷണത്തിന് കൊച്ചി തുറമുഖത്ത് പുതിയ ജെട്ടിയും വെയർഹൗസും ഡ്രൈ ബൾക്ക് പ്ലാന്റും സ്ഥാപിക്കുന്നതിന് പൊതുമേഖലാ സ്ഥാപനമായ ഓയിൽ ഇന്ത്യ ലിമിറ്റഡും (ഒ.ഐ.എൽ) കൊച്ചിൻ പോർട്ട് അതോറിറ്റിയും ധാരണയിലെത്തി.
എണ്ണ പര്യവേക്ഷണത്തിന് കേരളം, കൊങ്കൺ മേഖലയിലെ സമുദ്ര അടിത്തട്ടിൽ ഡ്രില്ലിംഗ് പ്രവർത്തനങ്ങൾ ഒ.ഐ.എൽ വർഷാന്ത്യത്തിലാണ് ആരംഭിക്കുന്നത്. ഇതിനുള്ള ലോജിസ്റ്റിക്കൽ സൗകര്യങ്ങളാണ് കൊച്ചി തുറമുഖത്ത് ഒരുക്കുന്നത്. പര്യവേക്ഷണ കപ്പലുകൾക്ക് നങ്കൂരമിടാനും ഇന്ധനം നിറയ്ക്കാനും വെള്ളംനിറയ്ക്കാനുമാണ് പുതിയ ജെട്ടി. കപ്പലുകൾക്ക് ആവശ്യമായ വൈദ്യുതിയും ലഭ്യമാക്കും. ഇതുവഴി തീരക്കടൽ എണ്ണപര്യവേക്ഷണത്തിന്റെ പ്രധാനകേന്ദ്രബിന്ദുവായി കൊച്ചി തുറമുഖം മാറും.
കൊച്ചിൻ പോർട്ട് ചെയർമാൻ ബി. കാശിവിശ്വനാഥൻ, ഒ.ഐ.എൽ സി.എം.ഡി ഡോ.രഞ്ജിത് രാത്ത് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ധാരണാപത്രം ഒപ്പിട്ടത്.