ആയുർവേദ പൈതൃകത്തിന്റെ ഡോക്യുമെന്ററിയുമായി എ.വി.എ ഗ്രൂപ്പ് 

Friday 13 June 2025 12:13 AM IST

ഡോകുമെന്ററിയുടെ ആദ്യ പ്രദർശനം ന്യൂഡൽഹിയിൽ

ന്യൂഡൽഹി: ഭാരതത്തിന്റെ തനതു ചികിത്സാ പദ്ധതിയായ ആയുർവേദത്തിന്റെ പൈതൃകം ആഗോള വേദിയിലെത്തിക്കാൻ ലക്ഷ്യമിടുന്ന ഡോക്യുമെന്ററി 'ആയുർവേദ-ദ ഡബിൾ ഹെലിക്‌സ് ഒഫ് ലൈഫ്' കേന്ദ്ര ആയുഷ് സഹമന്ത്രി പ്രതാപ്‌റാവു ജാധവ് പുറത്തിറക്കി. ന്യൂഡൽഹി ഫിലിം ഡിവിഷൻ തിയേറ്ററിൽ ഡോക്യുമെന്ററിയുടെ ആദ്യ പ്രദർശനം നടന്നു. ഡൊക്യുമെന്ററി എന്നതിലുപരി ആയുർവേദത്തിന്റെ പാരമ്പര്യം ലോകത്തിനു മുന്നിലെത്തിക്കുന്ന നിർണായക നീക്കമാണിതെന്ന് പ്രതാപ്‌റാവു ജാധവ് പറഞ്ഞു. പൗരാണിക സംസ്‌കൃതിയെ ആധുനിക രൂപത്തിൽ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയാണ്. രാജ്യത്തും വിദേശത്തും ആയുർവേദ ചികിത്സ പ്രചരിപ്പിക്കാൻ ഇത്തരം ഉദ്ധ്യമങ്ങൾ സഹായകരമാണെന്നും മന്ത്രി പറഞ്ഞു. എ.വി.എ പ്രൊഡക്ഷൻസിന്റെ ബാനറിൽ എ.വി അനൂപും ആയുർവേദിക് മെഡിസിൻ മാനുഫാക്ചറേഴ്‌സ് ഓർഗനൈസേഷൻ ഒഫ് ഇന്ത്യയും (എ.എം.എം.ഒ.ഐ) നിർമ്മിച്ചിരിക്കുന്ന ഡോക്യുമെന്ററി വിനോദ് മങ്കരയാണ് സംവിധാനം ചെയ്തത്. ഇംഗ്ലീഷ് ഭാഷയിലുള്ള ചിത്രത്തിന് 90 മിനിറ്റാണ് ദൈർഘ്യം. വിവിധ ഭാഷകളിൽ ചിത്രം ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിൽ പ്രദർശനത്തിനെത്തിക്കാൻ പദ്ധതിയുള്ളതായി അണിയറ പ്രവർത്തകർ പറഞ്ഞു.ആയുഷ് മന്ത്രാലയ സെക്രട്ടറി രാജേഷ് കൊടേച, നിർമ്മാതാവ് എ.വി. അനൂപ്, എ.എം.എം.ഒ.ഐ പ്രസിഡന്റ് പി. രാംകുമാർ, സംവിധായകൻ മങ്കര തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

പുതിയ കാലത്തിൽ ആരോഗ്യ രംഗത്തുണ്ടാകുന്ന വെല്ലുവിളികൾ നേരിടാൻ വൈവിദ്ധ്യമാർന്ന പരിഹാരങ്ങളാണ് ആയുർവേദം തുറന്നിടുന്നതെന്ന് എ. വി അനൂപ് പറഞ്ഞു.