@ ഓണസദ്യയിൽ വിഷരഹിത പച്ചക്കറി 'ഓണക്കനി 'യുമായി കുടുംബശ്രീ കൃഷിയിടത്തിലേക്ക്...
കോഴിക്കോട് : ഓണസദ്യ രുചികരവും സുരക്ഷിതവുമാക്കാൻ വിഷരഹിത പച്ചക്കറിയുമായി കുടുംബശ്രീയുടെ
ഓണക്കനി പദ്ധതി. ജില്ലയിലെ 3000 ത്തിലധികം ഏക്കർ സ്ഥലത്താണ് പച്ചക്കറി കൃഷിയൊരുക്കുന്നത്. 4 മുതൽ 10 വരെയുള്ള കുടുംബശ്രീ അംഗങ്ങൾ ഉൾപ്പെടുന്ന സംഘകൃഷി ഗ്രൂപ്പുകളാണ് (ജെ.എൽ.ജി - ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ് ) കൃഷിയിറക്കുന്നത്. വാർഡുകൾ തോറും കുറഞ്ഞത് മൂന്ന് ഏക്കറിൽ കൃഷിയിറക്കാനാണ് കുടുംബശ്രീ ജില്ലാ മിഷന്റെ നിർദ്ദേശം. സി.ഡി.എസ് തലത്തിൽ 16 നകം വിത്തിടൽ പൂർത്തിയാക്കും. പ്രാദേശികതലത്തിൽ ഉദ്ഘാടനം നടത്തും. കൃഷിക്ക് ആവശ്യമായ അത്യുത്പാദനശേഷിയുള്ള സങ്കരയിനം വിത്തുകൾ കുടുംബശ്രീയുടെ ജെെവിക എന്ന പ്ലാന്റ് നഴ്സറി വഴിയും കൃഷി ഭവനുകൾ വഴിയും ലഭ്യമാക്കും. കാർഷിക വികസന പ്രവർത്തനങ്ങൾക്കായി ഫീൽഡ് തലത്തിൽ പ്രവർത്തിക്കുന്ന അഗ്രി സി.ആർ.പിമാരാണ് (കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സൺ) ഓരോ ഗ്രൂപ്പിനും ആവശ്യമായ വിത്തുകളുടെ കണക്ക് ശേഖരിക്കുന്നത്. പദ്ധതി നടത്തിപ്പിന് മുന്നോടിയായി അഗ്രി സി.ആർ പിമാർക്ക് ബോധവത്കരണ ക്ലാസ് നൽകിയിരുന്നു. സി.ഡി.എസ് തലത്തിൽ നിലമൊരുക്കൽ, തെെ നടൽ, കീട നിയന്ത്രണം തുടങ്ങിയവയിൽ കർഷകർക്ക് പരിശീലനം നൽകും.
എല്ലാവിധ പച്ചക്കറികളും
പഴം, പാവയ്ക്ക, പയർ, വാഴ, ചേന, ചീര, മുളക് തുടങ്ങി ഓണത്തിനാവശ്യമായ എല്ലാ പച്ചക്കറികളും കൃഷി ചെയ്യാനാണ് നിർദ്ദേ ശം.കുടുംബശ്രീ മിഷന്റെ ഫാം ലെെവ്‌ലി ഹുഡിന്റെ ഭാഗമായാണ് ഓണക്കനി നടപ്പാക്കുന്നത്. ഇടനിലക്കാരെ ഒഴിവാക്കി കാർഷിക ഉത്പ്പന്നങ്ങൾ നേരിട്ട് വിപണിയിലെത്തിക്കും. ഇതുവഴി കർഷകർക്ക് മികച്ച വരുമാനവും ഉറപ്പുവരുത്തും.
''ജില്ലയിലെ സി.ഡി.എസുകളുടെ കീഴിൽ കൃഷിക്കാവശ്യമായ സ്ഥലം കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. ജൂൺ അവസാനവാരത്തോടെ എത്ര ഏക്കറിലാണ് കൃഷിയിറക്കുക എന്ന് കൃത്യമായി അറിയാൻ സാധിക്കും. മുൻവർഷത്തേക്കാൾ കൂടുതൽ സ്ഥലത്ത് ഇത്തവണ കൃഷിയിറക്കാനാണ് ശ്രമം.
- പി.സി കവിത , കോ ഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാ മിഷൻ