'അമ്മയ്ക്കും മക്കൾക്കും ഞാൻ മാത്രമേയുള്ളൂ, ഞാൻ മടങ്ങി വരും സർ'; നോവായി രഞ്ജിതയുടെ വാക്കുകൾ

Friday 13 June 2025 7:44 AM IST

പത്തനംതിട്ട : 'ഞാൻ മടങ്ങി വരും സർ..., ' ജോലിയിൽ പ്രവേശിക്കാനുള്ള രേഖകളുമായി ചൊവ്വാഴ്ച കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിയ രഞ്ജിത സൂപ്രണ്ട് ഡോ.നീധീഷ് ഐസക്കിനോട് യാത്ര പറഞ്ഞി​റങ്ങി​യത് ഇങ്ങനെയാണ്. സെപ്തംബറിൽ ജോലിയിൽ പ്രവേശിക്കും. അമ്മയ്ക്കും മക്കൾക്കും ഞാൻ മാത്രമേയുള്ളു. ജീവിതം മെച്ചപ്പെടുത്താൻ വേണ്ടിയാണ് വിദേശത്ത് ജോലിക്ക് പോയത്. മടങ്ങി വന്ന് അമ്മയോടും മക്കളോടുമൊപ്പം ജീവിക്കാനാണ് ആഗ്രഹം. ഇവിടെത്തന്നെ റീ ജോയിൻ ചെയ്യണം ഇനി നാട്ടിൽ തുടരാനാണ് ആഗ്രഹമെന്നും രഞ്ജിത പറഞ്ഞെന്നും മരണ വാർത്ത വിശ്വസിക്കാനാകുന്നില്ലെന്നും ഡോ.നിധീഷ് പറഞ്ഞു.

അമ്മ പോകില്ല, ഐ സി യുവിലുണ്ടാകും

പത്തനംതിട്ട: 'ഇല്ലാ, അമ്മ ഐ.സി.യുവിലുണ്ടാകും, ഞങ്ങളെ തനിച്ചാക്കി അമ്മ പോകില്ല. " വിമാനാപകടത്തിൽ മരിച്ച രഞ്ജിതയുടെ മക്കളുടെ നിലവിളി നാടിന്റെ തോരാനൊമ്പരമായി. ദുരന്തവാർത്തയറിഞ്ഞ് പുല്ലാട് കൊഞ്ഞോൺ വീട്ടിലെത്തിയവർക്ക് അണപൊട്ടിയൊഴുകുന്ന ആ സങ്കടം കണ്ടുനിൽക്കാനായില്ല.

ഒരു വിളിക്കപ്പുറം കൂട്ടുകാരെപ്പോലെയായിരുന്നു അമ്മ. സ്കൂളിൽ നിന്ന് മടങ്ങിയെത്തിയപ്പോഴാണ് ഇതികയും ഇന്ദുചൂഡനും മരണവാർത്തയറിഞ്ഞത്. അമ്മ എന്നന്നേക്കുമായി വിട്ടുപോയെന്ന് വിശ്വസിക്കാൻ കഴിയാതെ വിറങ്ങലിച്ചിരിക്കുന്ന കുഞ്ഞുങ്ങളെ സമാധാനിപ്പിക്കാൻ ആർക്കും കഴിയുമായിരുന്നില്ല. മകളെ നഷ്ടപ്പെട്ട വേദനയിലും രഞ്ജിതയുടെ മക്കളെ ചേർത്തുപിടിച്ച് തുളസിക്കുട്ടിയമ്മ വിങ്ങിക്കരഞ്ഞു. അവരെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ഉറ്റവർ വീർപ്പുമുട്ടി.