ബാദ്ധ്യത കപ്പൽ ഉടമകൾ വഹിക്കണം: ഹൈക്കോടതി ജനങ്ങളുടെ നികുതിപ്പണം പാഴാക്കരുത്
കൊച്ചി: കൊച്ചി തീരത്ത് എൽസ 3 കപ്പൽ മുങ്ങിയത് ലാഘവത്തോടെ കൈകാര്യംചെയ്ത മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിക്ക് എതിരെ ഹൈക്കോടതി. പാരിസ്ഥിതിക വെല്ലുവിളികൾ ഉയർത്തി കേരളതീരത്തുണ്ടാകുന്ന കപ്പലപകടങ്ങളുടെ പേരിലുണ്ടാവുന്ന ചെലവ് കപ്പലുടമകളിൽ നിന്ന് ഈടാക്കണമെന്ന് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് നിർദ്ദേശം നൽകി.
ജനങ്ങളുടെ നികുതിപ്പണം ഇതിനായി പാഴാക്കരുത്. മത്സ്യസമ്പത്ത് നശിച്ചതടക്കമുള്ള പ്രത്യാഘാതങ്ങൾ കണക്കിലെടുക്കണം. കോടതിയെ സഹായിക്കാൻ അമിക്കസ് ക്യൂറിയെ നിയോഗിക്കും. കേന്ദ്രസർക്കാരിനു മാത്രമല്ല സംസ്ഥാനത്തിനും നടപടിയെടുക്കാം.ജില്ലാ കളക്ടർക്കും നടപടിയെടുക്കാം.
കപ്പൽ മുങ്ങിയതിനെത്തുടർന്ന് തൊഴിൽ രഹിതരായ മത്സ്യത്തൊഴിലാളികളടക്കമുള്ളവർക്ക് നഷ്ടപരിഹാരം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് മുൻ എം.പി ടി.എൻ.പ്രതാപൻ നൽകിയ പൊതുതാത്പര്യ ഹർജിയാണ് പരിഗണിച്ചത്. സിംഗപ്പൂർ ചരക്കുകപ്പൽ എം.വി വാൻഹായ് 503ന് തീപിടിച്ച സംഭവവും കോടതി കണക്കിലെടുത്തു.
നഷ്ടങ്ങളുടെ കണക്ക് തിട്ടപ്പെടുത്തിവരികയാണെന്ന് സർക്കാരിനായി ഹാജരായ അഡ്വക്കേറ്റ് ജനറൽ കെ.ഗോപാലകൃഷ്ണ കുറുപ്പ് അറിയിച്ചു. മർച്ചന്റ് ഷിപ്പിംഗ് ആക്ട് പ്രകാരം നടപടി സ്വീകരിക്കാൻ കേന്ദ്രത്തിനാണ് അധികാരം. ഹർജിക്കാരനുവേണ്ടി അഡ്വ. ഹരീഷ് വാസുദേവൻ ഹാജരായി.
കപ്പൽ തടയാൻ ഉത്തരവ്;
നഷ്ടപരിഹാരം കെട്ടിവച്ചു
എം.എസ്.സി എൽസ 3 കപ്പലിൽ കശുവണ്ടിയടക്കം കൊണ്ടുവന്ന അഞ്ചുവ്യാപാരികൾ നഷ്ടപരിഹാരംതേടി ഫയൽചെയ്ത ഹർജിയിൽ ഇതേകമ്പനിയുടെ മറ്റൊരു കപ്പൽ തടഞ്ഞുവയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. കമ്പനി 5.97കോടിരൂപ കെട്ടിവച്ചതോടെ വിട്ടുകൊടുക്കാൻ നിർദ്ദേശം നൽകി. തുടർന്ന് ഇന്നലെ വൈകിട്ട് 4.40ഓടെ വിട്ടയച്ചു. വിഴിഞ്ഞത്തുള്ള എം.എസ്.സി മാനസ എഫ് എന്ന കപ്പൽ അറസ്റ്റുചെയ്യാൻ ജസ്റ്റിസ് എം.എ. അബ്ദുൾ ഹക്കീമാണ് ഉത്തരവിട്ടത്. കൊല്ലം സ്വദേശി സജി സുരേന്ദ്രൻ ഉൾപ്പെടെയുള്ളവരാണ് ഹർജി നൽകിയത്. വിശദമായ വാദം പിന്നീട് കേൾക്കും.
കേന്ദ്രത്തിന്റെ അന്ത്യശാസനം:
48 മണിക്കൂറിനകം
എണ്ണച്ചോർച്ച അടയ്ക്കണം
കൊച്ചി: കടലിൽപ്പരന്ന എണ്ണപ്പാടയുൾപ്പെടെയുള്ള മാലിന്യം 48 മണിക്കൂറിനുള്ളിൽ നീക്കണമെന്നും മുങ്ങിത്താഴ്ന്ന കപ്പലിലെ എണ്ണച്ചോർച്ച അടയ്ക്കണമെന്നും ഡയറക്ടർ ജനറൽ ഒഫ് ഷിപ്പിംഗ് എം.എസ്.സി കപ്പൽ മാനേജ്‌മെന്റിന് അന്ത്യശാസനം നൽകി. ഇല്ലെങ്കിൽ, ഇന്ത്യൻ ശിക്ഷാനിയമപ്രകാരം നടപടിയെടുക്കും.
രക്ഷാപ്രവർത്തനത്തിലടക്കം കാലതാമസം വരുത്തിയെന്നാണ് ഡയറക്ടർ ജനറൽ ഒഫ് ഷിപ്പിംഗ് വിലയിരുത്തിയത്.
അപകടം ഇന്ത്യൻ തീരത്തേയും സമുദ്ര ആവാസവ്യവസ്ഥയേയും കടുത്ത ആഘാതത്തിലാക്കി.കേരളതീരത്തെ ബാധിച്ചു. അന്ത്യശാസനത്തെ തുടർന്ന് ദൗത്യം നിറവേറ്റുന്ന ടി ആൻഡ് ടി സാൽവേജ് 12 മുങ്ങൽ വിദഗ്ദ്ധരെക്കൂടി എത്തിച്ചു. 12പേരാണ് സംഘത്തിലുണ്ടായിരുന്നത്. കപ്പൽ ടാങ്കിൽ സൗണ്ടിംഗ് പൈപ്പിലെ ചോർച്ചയടച്ചു. ശേഷിക്കുന്ന ചോർച്ചകൾ ഉടൻ അടച്ച് എണ്ണ വീണ്ടെടുക്കൽ ആരംഭിക്കാനാണ് നീക്കം. ജൂലായ് മൂന്നിന് ദൗത്യം പൂർത്തിയാക്കാനാണ് ശ്രമം.
വീഴ്ചകൾ 1. 51 മീറ്റർ താഴ്ചയിലുള്ള കപ്പലിൽ നിന്ന് എണ്ണ വീണ്ടെടുക്കുന്നതിന് അടിത്തട്ടിൽ ദീർഘനേരം തങ്ങാൻ കഴിയുന്ന സാച്ചുറേഷൻ ഡൈവിംഗ് ആവശ്യമാണ്. കുറച്ചുനേരം തങ്ങാൻ കഴിയുന്ന എയർഡൈവിംഗ് മാത്രമേ നടത്തിയിട്ടുള്ളൂ. എണ്ണ പൂർണമായും വേർതിരിച്ചെടുക്കുന്നതിന് ഇത് പര്യാപ്തമല്ല.
2. ഈ മാസം ആദ്യംപൂർത്തിയാക്കാൻ നിശ്ചയിച്ചിരുന്ന വെന്റുകളുടെ ക്യാപ്പിംഗ് ഇപ്പോഴും നടക്കുകയാണ്. കഴിഞ്ഞ അഞ്ചിന് ആരംഭിക്കാൻ നിശ്ചയിച്ചിരുന്ന എണ്ണ വേർതിരിച്ചെടുക്കൽ ആരംഭിച്ചിട്ടില്ല.
ഈ നിയമങ്ങൾ ബാധകം
മർച്ചന്റ് ഷിപ്പിംഗ് ആക്ട്- 1958,
പരിസ്ഥിതി സംരക്ഷണനിയമം- 1986 ബി.എൻ.എസ് -2023,
ദുരന്തനിവാരണ നിയമം 2005