പേവിഷ വ്യാപനം തടയാൻ നായ്ക്കൾക്ക് 'ഷെൽട്ടറിംഗ് '

Friday 13 June 2025 7:53 AM IST

ആലപ്പുഴ : പേവിഷബാധയേറ്റുള്ള മരണങ്ങൾ വർദ്ധിക്കവേ, അക്രമകാരികളും പേപ്പട്ടിയുടെ കടിയേറ്റതുമായ നായ്ക്കളെ ഷെൽട്ടർ ഹോമുകളിലാക്കി വാക്സിനേഷൻ നൽകുന്ന പദ്ധതി മൃഗസംരക്ഷണ വകുപ്പിന്റെ പരിഗണനയിൽ. മാർക്കറ്റുകളും സ്കൂളുകളും ഉൾപ്പെടെ ജനങ്ങൾ ഏറ്റവുമധികം വന്നു പോകുന്ന സ്ഥലങ്ങളിലും ഹോട്ട് സ്പോട്ടുകളായി കണ്ടെത്തിയ മേഖലകളിലും പേപ്പട്ടിയുടെ കടിയേറ്റ നായ്ക്കൾക്ക് അഞ്ചുഡോസ് വാക്സിനേഷനും 120 ദിവസത്തെ നിർബന്ധിത നിരീക്ഷണവുമാണ് ലക്ഷ്യം.

ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ സമർപ്പിച്ച ശുപാർശ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ മന്ത്രിക്ക് കൈമാറി. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പങ്കാളിത്തം ആവശ്യമായതിനാൽ മന്ത്രിമാർ തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം തീരുമാനമുണ്ടാകും.

നിലവിൽ പേപ്പട്ടി തെരുവുനായകളെ ആക്രമിച്ചാൽ പ്രദേശത്ത് വ്യാപക വാക്സിനേഷൻ നടത്തുന്നതിലൊതുങ്ങും പ്രതിരോധം. ചിലയിടങ്ങളിൽ ഏതാനും ദിവസം നിരീക്ഷണമുണ്ടെങ്കിലും 120ദിവസം നീളില്ല. ഷെൽട്ടറിംഗിന് ശേഷവും നായ്ക്കളെ പഴയസ്ഥലത്ത് തുറന്നുവിടേണ്ടിവരില്ലെയെന്ന ചോദ്യത്തിന് പേവിഷഭീതിയില്ലല്ലോയെന്നാണ് വെറ്രറിനറി അസോസിയേഷന്റെ മറുപടി.

മൃഗസ്നേഹികൾ സഹായിക്കണം

 0, 3, 7, 14, 28 ദിവസങ്ങളിൽ വാക്സിനേഷൻ.

പരിപാലനത്തിനും സഹായത്തിനും മൃഗ സ്നേഹികളുടെയും സന്നദ്ധ പ്രവർത്തകരുടെയും പങ്കാളിത്തം. എൻ.ജി.ഒ കളുടെ സഹകരണം ഉറപ്പാക്കണം

 ഏത് സ്ഥലത്തേക്കും മാറ്റാവുന്നതുമായ ഇരുമ്പ് കൂടുകൾ, നായ്ക്കൾക്ക് ഭക്ഷണം

ജനനനിയന്ത്രണത്തിലൂടെ നായ്ക്കളുടെ എണ്ണം കുറയ്ക്കുന്നതിനേക്കാൾ വേഗത്തിൽ പേവിഷ പ്രതിരോധത്തിലൂടെ ജനങ്ങളുടെ ജീവൻ രക്ഷിക്കാമെന്നതാണ് ഷെൽട്ടറിംഗിന്റെ നേട്ടം

- ഡോ. വി.പി.കെ മോഹൻകുമാർ,

ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ