മറ്റൊരു സിംഗപ്പൂർ കപ്പലിലും തീപിടിച്ചു

Friday 13 June 2025 7:56 AM IST

 സംഭവം മുംബയ്ക്ക് സമീപം

കൊച്ചി: മുംബയിലെ നവഷേവ തുറമുഖത്തേക്കുവന്ന സിംഗപ്പൂർ കപ്പലിലുണ്ടായ തീപിടിത്തത്തിൽ ഒരു കണ്ടെയ്‌നർ കത്തിനശിച്ചു. കപ്പൽ ജീവനക്കാർതന്നെ തീയണച്ചു. സിംഗപ്പൂർ കപ്പലായ വാൻ ഹായ് 503ന് തിങ്കളാഴ്ച കണ്ണൂർ തീരത്തിനു സമീപം തീപിടിച്ചതിനു പിന്നാലെയാണ് മറ്റൊരു സിംഗപ്പൂർ കപ്പലിൽ തീപിടിച്ചത്.

എം.വി ഇന്ററേഷ്യ ടെനാസിറ്റി എന്ന കപ്പലിലെ ഡെക്കിലാണ് ഇന്നലെ രാവിലെ 8.40ന് തീപിടിച്ചത്. മുംബയിലെ കോസ്‌റ്റ് ഗാർഡിന് അപകടസന്ദേശം ലഭിച്ചതോടെ പട്രോളിംഗ് കപ്പലായ സചേതും വിമാനവും പുറപ്പെട്ടെങ്കിലും തീയണയ്‌ക്കാൻ കഴിഞ്ഞെന്ന സന്ദേശം കപ്പലിന്റെ ക്യാപ്‌ടൻ നൽകിയതിനെത്തുടർന്ന് തിരിച്ചുപോന്നു. കപ്പൽവരുന്ന വഴിയിൽ നിരീക്ഷണം തുടരുകയാണെന്ന് കോസ്‌റ്റ് ഗാർഡ് അറിയിച്ചു. മുംബയ് തീരത്തിന് സമീപമാണ് കപ്പൽ.

മലേഷ്യയിലെ ക്ലാംഗ് തുറമുഖത്തുനിന്ന് 1387 കണ്ടെയ്‌നറുകളുമായി പുറപ്പെട്ട കപ്പൽ ഇന്നു രാത്രി 11ന് മുംബയിലെത്താൻ നിശ്ചയിച്ചിരുന്നതാണ്. ഫിലിപ്പിനോ സ്വദേശികളായ 21 ജീവനക്കാരാണ് കപ്പലിലുള്ളത്.