എൻ.ഡി.എ സർക്കാരിന്റെ 11വർഷം സംസ്ഥാനത്തിന് നേട്ടം: ജോർജ് കുര്യൻ

Friday 13 June 2025 8:07 AM IST

 സംസ്ഥാന ബഡ്ജറ്റിനെക്കാൾ തുക റോഡ് വികസനത്തിന്

തിരുവനന്തപുരം: അസാദ്ധ്യമെന്ന് കരുതിയ വികസന ദൗത്യങ്ങൾ പൂർത്തിയാക്കിയ 11വർഷങ്ങളാണ് എൻ.ഡി.എ സർക്കാർ പൂർത്തിയാക്കിയതെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. വാർത്താമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ബഡ്ജറ്റിനെക്കാൾ കൂടുതൽ തുകയാണ് ഇവിടെ റോഡ് വികസനത്തിന് വകയിരുത്തിയത്. റോഡ് വികസനത്തിന് മൂന്നുലക്ഷം കോടി രൂപയാണ് അനുവദിച്ചത്. സംസ്ഥാനത്ത് ഈ വർഷത്തെ ബഡ്ജറ്റ് തുക 2ലക്ഷം കോടി മാത്രമാണ്‌. ഡിജിറ്റൽ പണമിടപാടിലും രാജ്യസുരക്ഷയിലും തൊഴിൽ ലഭ്യതയിലും വ്യവസായ,വൈദ്യുതി ഉത്പാദനത്തിലും റെക്കാഡ് നേട്ടം കൈവരിച്ചു. 27കോടി ജനങ്ങളെ അതിദാരിദ്ര്യത്തിൽ നിന്ന് മുക്തരാക്കി. ഭീകരാക്രമണം 70 ശതമാനം കുറഞ്ഞു. നക്സൽ സാന്നിദ്ധ്യം ചുരുങ്ങി. സംസ്ഥാനത്ത് ഗെയിൽ പൈപ്പ് ലൈൻ,പവർ ഹൈവേ,വിഴിഞ്ഞം തുറമുഖം,​ വാട്ടർ മെട്രോ,നാഷണൽ ഹൈവേ വികസനം തുടങ്ങിയ പദ്ധതികൾ നടപ്പാക്കുന്നതിൽ കേന്ദ്രം നിർണായക പിന്തുണ നൽകി. 30 വർഷം നീണ്ടുപോയ വിഴിഞ്ഞം പദ്ധതി ആരംഭിക്കാൻ ശക്തരായ മുഖ്യമന്ത്രിമാർ ശ്രമിച്ചെങ്കിലും കേന്ദ്രത്തിൽ മികച്ച നേതൃത്വമില്ലാത്തതിനാൽ നടന്നില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ ശക്തമായ തീരുമാനങ്ങളെടുക്കാനായി. ബി.ജെ.പി.സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.