37 വർഷം മുമ്പും വിമാനദുരന്തം മലയാളിയുടെ ജീവനെടുത്തു

Friday 13 June 2025 8:13 AM IST

തിരുവനന്തപുരം: ' പേടിപ്പെടുത്തുന്ന വലിയൊരു പൊട്ടിത്തെറി ഓർമ്മയിലിപ്പോഴുമുണ്ട് . ' ടി.ബി.രാജീവിന്റെ ബന്ധുക്കൾക്ക് 37 വർഷം മുമ്പ് അഹമ്മദാബാദിലുണ്ടായ ആ വിമാനദുരന്തം മറക്കാനാവില്ല. ഇന്നലെ അഹമ്മദാബാദിലെ ആകാശ ദുരന്തത്തെക്കുറിച്ച് കേട്ടപ്പോഴും അവർ ഭീതിയോടെ ഓർത്തത് ആ ദിവസത്തെക്കുറിച്ചുതന്നെ. 1988, ഒക്ടോബർ 19. അന്ന് അഹമ്മദാബാദിൽ ഇന്ത്യൻ എയർലൈൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിമാനദുരന്തത്തിൽ തിരുവനന്തപുരം കേശവദാസപുരം സ്വദേശി രാജീവും ഭാര്യ ഷൈലജയും മരിച്ചിരുന്നു. മുംബയിൽ നിന്ന് അഹമ്മദാബാദിലേയ്ക്ക് പോയ 'ബോയിംഗ് 737' വിമാനം ലാൻഡിംഗിന് തൊട്ടുമുൻപ് പൊട്ടിച്ചിതറി. ബിസിനസ് ആവശ്യത്തിനായി ഭാര്യയ്ക്കൊപ്പം പോയതായിരുന്നു രാജീവ്. ഒക്ടോബർ 19ന് മഹാ നവമിയായതിനാൽ തൊട്ടടുത്ത ദിവസം പത്രങ്ങൾ ഇല്ലായിരുന്നു. അതിനാൽ, 21നാണ് ബന്ധുക്കളിൽ പലരും ദുരന്തവാർത്ത അറിഞ്ഞത്. 135 യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. ആദ്യദിനം പുറത്തുവന്ന വാർത്തകളിൽ അദ്ഭുതകരമായി രക്ഷപ്പെട്ട അഞ്ചുപേരിൽ രാജീവിന്റെയും പേരുണ്ടായിരുന്നു. അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച രാജീവിന്റെ നില അതീവഗുരുതരമായി തുടർന്നു. ഇടയ്ക്ക് ബോധം തെളിഞ്ഞ് ആരോഗ്യനില മെച്ചപ്പെട്ടിരുന്നു. എന്നാൽ 20 ദിവസം ആശുപത്രിക്കിടക്കയിൽ മരണവുമായി മല്ലിട്ട ശേഷം രാജീവ് അതിനു കീഴടങ്ങി. തിരുവനന്തപുരത്ത് നിന്ന് ബന്ധു എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. രാജീവിന്റെ രണ്ടു പെൺമക്കൾ ഇപ്പോൾ വിദേശത്താണ്.

നിമിഷങ്ങൾക്ക് മുൻപ് കിട്ടിയ

ടിക്കറ്റുമായി മരണത്തിലേയ്ക്ക്

അന്നത്തെ ദുരന്തത്തിൽ മരിച്ചവരിൽ തിരുവനന്തപുരം പടിഞ്ഞാറേക്കോട്ട സ്വദേശി എൻ.എസ്.സുബ്രഹ്മണ്യനും ഉണ്ടായിരുന്നു. ടിക്കറ്റ് കിട്ടാതെ വലഞ്ഞ സുബ്രഹ്മണ്യൻ അവസാനനിമിഷമാണ് ടിക്കറ്റ് സംഘടിപ്പിച്ചത്. അഹമ്മദാബാദിലെ സ്പേസ് ആപ്ലിക്കേഷൻ സെന്ററിലേയ്ക്ക് സ്ഥലം മാറ്റം ലഭിച്ചതിനെ തുടർന്ന് പോകുകയായിരുന്നു. കത്തിയമർന്ന മൃതദേഹങ്ങളുടെ ചാരക്കൂമ്പാരത്തിൽ നിന്നു ലഭിച്ച മോതിരം കണ്ടാണ് ഐ.എസ്.ആർ.ഒയിലെ സിവിൽ എൻജിനിയറായിരുന്ന സുബ്രമണ്യൻ മരിച്ചുവെന്ന് കുടുംബം തിരിച്ചറിഞ്ഞത്. പെരുന്താന്നിയിൽ ആയിരുന്നു ഭാര്യ ചന്ദ്രയ്ക്കും മക്കൾക്കുമൊപ്പം താമസിച്ചിരുന്നത്.