സോളാർ വൈദ്യുതി അയൽ വീടുകളിൽ വിറ്റ് പണം വാങ്ങാം # റസിഡന്റ്സ് അസോസിയേഷനും ഫ്ളാറ്റ് സമുച്ചയങ്ങൾക്കും അവസരം

Friday 13 June 2025 8:38 AM IST

തിരുവനന്തപുരം: റിന്യൂവബിൾ എനർജി ആൻഡ് നെറ്റ് മീറ്ററിംഗ് റെഗുലേഷന്റെ പുതിയ ചട്ടം നിലവിൽ വരുന്നതോടെ സ്വന്തം വീട്ടിൽ ഉല്പാദിപ്പിക്കുന്ന സോളാർ വൈദ്യുതി ചുറ്റുവട്ടത്തുള്ള വീടുകളിലോ സ്ഥാപനങ്ങളിലോ നേരിട്ട് വില്പന നടത്താം. ഇതിനുള്ള ലൈൻ സംവിധാനം കെ.എസ്.ഇ.ബി ഒരുക്കിത്തരും.സംസ്ഥാനത്തെ സോളാർ മീറ്ററിംഗ് സംവിധാനത്തിൽ നിലവിലെ രീതി സെപ്തംബർ 30ന് അവസാനിക്കും.

ഫ്ളാറ്റ്,റസിഡന്റ്സ് അസോസിയേഷൻ തുടങ്ങിയവയ്ക്ക് കൂട്ടായി സോളാർ വൈദ്യുതി ഉൽപ്പാദിപ്പിക്കാനും വിൽക്കാനും അനുമതി ലഭിക്കും. നിലവിൽ കെ.എസ്.ഇ.ബിക്ക് മാത്രമാണ് ഇതിനുള്ള അധികാരം.

മറ്റുള്ളവർക്ക് സ്വന്തമായി ഉൽപാദിപ്പിച്ച് ഉപയോഗിക്കാനും മിച്ചമുള്ള വൈദ്യുതി കെ.എസ്.ഇ.ബി.ക്ക് കൈമാറാനും മാത്രമാണ് നിലവിൽ അനുമതി. അതിനാണ് മാറ്റം വരുന്നത്. സോളാർ വൈദ്യുതി ഉൽപാദനം ചെലവുചുരുക്കൽ മാർഗ്ഗം എന്നതിൽ നിന്ന് സംരംഭം എന്ന നിലയിലേക്ക് മാറുമെന്നതാണ് പുതിയ ചട്ടങ്ങളുടെ കാതലെന്ന് റെഗുലേറ്ററി കമ്മിഷൻ പറയുന്നു.ഇതേ കുറിച്ച് ജൂൺ 30വരെ പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം. പിന്നീട് കമ്മിഷൻപൊതുതെളിവെടുപ്പ് നടത്തും. അതിന് ശേഷമായിരിക്കും ചട്ടങ്ങൾക്ക് അന്തിമരൂപം നൽകുക.

സംസ്ഥാനത്തെ പുരപ്പുറ സോളാർ ഉൽപാദകർ നെറ്റ് മീറ്റർ സ്ഥാപിച്ച് ഉൽപാദിപ്പിക്കുന്ന വൈദ്യുതി പകൽ സമയം കെ.എസ്.ഇ.ബി.യുടെ ഗ്രിഡിലേക്ക് വൈദ്യുതി നൽകുകയും രാത്രികാലങ്ങളിൽ ഗ്രിഡിൽ നിന്ന് സ്വന്തം ആവശ്യത്തിന് വൈദ്യുതി ഉപയോഗിക്കുകയും ചെയ്യുന്ന രീതിയാണുള്ളത്. പുതിയ ചട്ടങ്ങൾ വരുന്നതോടെ ഇതിൽ മാറ്റം വരും. പകൽ സമയം ഉൽപാദിപ്പിക്കുന്ന വൈദ്യുതി പൂർണ്ണമായി കെ.എസ്.ഇ.ബി.ക്ക് നൽകുന്ന പരിപാടി രണ്ടുകിലോവാട്ട് വരെ ഉൽപാദനം നടത്തുന്നവർക്ക് മാത്രമായി ചുരുങ്ങും.മറ്റുള്ളവരുടെ മീറ്ററിംഗ് രീതി മാറ്റേണ്ടിവരും.അതോടെ നിലവിൽ ഗ്രിഡിലേക്ക് വൈദ്യുതി നൽകുകയും രാത്രി ഗ്രിഡിൽ നിന്ന് എടുക്കുകയും ചെയ്യുന്ന വൈദ്യുതിയുടെ കണക്ക് നോക്കിയുള്ള ബില്ലിംഗ് രീതിയിൽ മാറ്റം വരും. പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ പരിഗണിച്ചായിരിക്കും പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽ വരുത്തുകയെന്നാണ് കമ്മിഷന്റെ വിശദീകരണം.