സി.പി.ഐ ശബ്ദരേഖ: വിശദീകരണം തേടും
തിരുവനന്തപുരം:പാർട്ടിയെ പ്രതിരോധത്തിലാക്കിയ രണ്ട് നേതാക്കളുടെ ശബ്ദരേഖ വിവാദമായ സംഭവത്തിൽ സി.പി.ഐ നേതൃത്വം വിശദീകരണം തേടിയേക്കും.
സംസ്ഥാന എക്സിക്യുട്ടീവ് അംഗം കമല സദാനന്ദൻ, സംസ്ഥാന കൗൺസിൽ അംഗവും എറണാകുളം ജില്ലാ സെക്രട്ടറിയുമായ കെ.എം ദിനകരൻ എന്നിവരോടാണ് വിശദീകരണം തേടുക. 24ന് ചേരുന്ന പാർട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിൽ വിഷയം ചർച്ച ചെയ്യും.
സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരേ ഇരുവരും നടത്തിയ വിമർശനങ്ങളുടെ ശബ്ദരേഖ പാർട്ടിക്ക് നാണക്കേടായിരുന്നു. കമല സദാനന്ദനും ബിനോയ് വിശ്വവും ഒരേ പക്ഷക്കാരായാണ് അറിയപ്പെടുന്നത്. ഇസ്മായിൽ പക്ഷത്ത് നിന്നും എറണാകുളം ജില്ല പിടിക്കാനായി കാനം രാജേന്ദ്രനൊപ്പം നിന്നവരാണ് കമലയും ദിനകരനും. കാനത്തിന് പിന്നാലെ ബിനോയ് വിശ്വം സംസ്ഥാന സെക്രട്ടറിയായെങ്കിലും പഴയ ഗ്രൂപ്പുകാർക്കിടയിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉയരുന്നതായാണ് ശബ്ദരേഖ വെളിപ്പെടുത്തുന്നത്. എന്നാൽ ആരെക്കുറിച്ചും സ്വകാര്യ ചർച്ചകൾക്കിടെ സംസാരിക്കുന്നതിൽ തെറ്റില്ലെന്ന വാദം ഒരു വിഭാഗം ഉയർത്തുന്നു. പാർട്ടിക്കാർ തമ്മിലാണ് സംഭാഷണം നടത്തിയത്. ഇതു പുറത്തു പോയതിനെക്കുറിച്ചാണ് അന്വേഷണം വേണ്ടതെന്നാണ് ഇവരുടെ വാദം.