ലോഡ്‌സിൽ വിക്കറ്റ് 'വാഴ്ച'

Friday 13 June 2025 8:41 AM IST

ആദ്യ ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്ക 138 റൺസിന് ആൾഔട്ട്

പാറ്റ് കമ്മിൻസിന് ആറുവിക്കറ്റ്, ഓസീസ് രണ്ടാം ഇന്നിംഗ്സിൽ 144/8

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ രണ്ടാം ദിനത്തിൽ വീണത് 14 വിക്കറ്റുകൾ

ലോഡ്സ് : ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ രണ്ടാം ദിവസവും ലോഡ്സിൽ വിക്കറ്റ് മഴ തുടരുന്നു.ആദ്യദിനത്തിലേതുപോലെ 14 വിക്കറ്റുകൾ രണ്ടാം ദിനവും ഇരുവശത്തുമായി വീണു.

ആദ്യദിനം ഓസ്ട്രേലിയയെ ആദ്യ ഇന്നിംഗ്സിൽ 212 റൺസിൽ ഒതുക്കിയ ദക്ഷിണാഫ്രിക്കയ്ക്ക് അതിലും ശക്തിയായി തിരിച്ചുകിട്ടി. മത്സരത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ ആദ്യ ഇന്നിംഗ്സിൽ 138 റൺസിന് ആൾഔട്ടാവുകയായിരുന്നു ദക്ഷിണാഫ്രിക്ക. ആറുവിക്കറ്റ് വീഴ്ത്തിയ ഓസീസ് നായകൻ പാറ്റ് കമ്മിൻസാണ് ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടത്. ഒന്നാം ഇന്നിംഗ്സിൽ 74 റൺസിന്റെ ലീഡ് നേടിയ ഓസീസ് രണ്ടാം ഇന്നിംഗ്സിനിറങ്ങി ഒടുവിൽ വിവരം ലഭിക്കുമ്പോൾ എട്ടു വിക്കറ്റ് നഷ്ടത്തിൽ 144 റൺസ് നേടിയിട്ടുണ്ട്. ഇപ്പോൾ 218 റൺസ് ലീഡിലാണ് ഓസീസ്.

43/4 എന്ന സ്കോറിലാണ് ഇന്നലെ ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്സ് ആരംഭിക്കാനെത്തിയത്. നായകൻ ടെംപ ബൗമയും (36),ഡേവിഡ് ബേഡിംഗ്ഹാമും (45) ചേർന്ന് ആദ്യ സെഷനിൽ ടീമിനെ മുന്നോട്ടുനയിച്ചു. എന്നാൽ ടീം സ്കോർ 94ൽ എത്തിയപ്പോൾ ബൗമയെ ലാബുഷയ്ന്റെ കയ്യിലെത്തിച്ച് കമ്മിൻസ് കളിയുടെ ഗതി മാറ്റി. തുടർന്ന് കൈൽ വെറാനെയെ (13)ക്കൂട്ടി ബേഡിംഗ്ഹാം 100 കടത്തി. 121/5 എന്ന സ്കോറിനാണ് ലഞ്ചിന് പിരിഞ്ഞത്.

ലഞ്ചിന് ശേഷം കൂട്ടക്കശാപ്പ്

ലഞ്ചിന് ശേഷം 17 റൺസെടുക്കുന്നതിനിടെ ദക്ഷിണാഫ്രിക്കയുടെ അവശേഷിക്കുന്ന അഞ്ചുവിക്കറ്റുകളും കടപുഴകി. ഇതിൽ നാലുപേരെയും മടക്കി അയച്ചതും കമ്മിൻസാണ്. ഒരു റൺഔട്ടുമുണ്ടായിരുന്നു. ലഞ്ചിന് ശേഷമുള്ള മൂന്നാം ഓവറിൽ കമ്മിൻസ് വെറാനെയെ എൽ.ബിയിൽ കുരുക്കുകയും പകരമിറങ്ങിയ മാർക്കോ യാൻസനെ (0) റിട്ടേൺ ക്യാച്ചെടുക്കുകയുമായിരുന്നു. തന്റെ അടുത്ത ഓവറിൽ ഓസീസ് നായകൻ ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോററായ ബേഡിംഗ്ഹാമിനെ കീപ്പർ കാരെയുടെ കയ്യിലത്തിച്ചു.അടുത്ത ഓവറിൽ കേശവ് മഹാരാജ് (7) റൺഔട്ടായി. അതിനടുത്ത ഓവറിൽ റബാദയെ (1) വെബ്‌സ്റ്ററുടെ കയ്യിലെത്തിച്ച് കമ്മിൻസ് ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്സിന് കർട്ടനിട്ടു.

18.1 ഓവറിൽ ആറ് മെയ്ഡനടക്കം 28 റൺസ് വഴങ്ങിയാണ് കമ്മിൻസ് ആറുവിക്കറ്റ് വീഴ്ത്തിയത്.14-ാം തവണയാണ് കമ്മിൻസ് അഞ്ചോ അതിലേറെയോ വിക്കറ്റ് നേടുന്നത്.

മിച്ചൽ സ്റ്റാർക്ക് രണ്ട് വിക്കറ്റും ജോഷ് ഹേസൽവുഡ് ഒരു വിക്കറ്റും നേടി.

രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഓസീസിനെ മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തിയ കാഗിസോ റബാദയും ലുൻഗി എൻഗിഡിയും ചേർന്നാണ് പ്രഹരിച്ചത്. ഉസ്മാൻ ഖ്വാജ (6), കാമറൂൺ ഗ്രീൻ (0) എന്നിവരെ പുറത്താക്കി റബാദയാണ് ആക്രമണം തുടങ്ങിയത്. പിന്നാലെ യാൻസെൻ ലാബുഷെയ്നെ (22) തിരിച്ചയച്ചു. സ്മിത്ത് (13),വെബ്സ്റ്റർ (9), കമ്മിൻസ് (6) എന്നിവരെയാണ് എൻഗിഡി പുറത്താക്കിയത്. ചെറുത്തുനിന്ന് 43 റൺസ് നേടിയ അലക്സ് കാരേയായിരുന്നു റബാദയുടെ

മൂന്നാമത്തെ ഇര.