12മലയാളി താരങ്ങൾക്ക് മലേഷ്യയിൽ പരിശീലനം
കൊച്ചി: തിരഞ്ഞെടുക്കപ്പെട്ട 12 യുവ ഫുട്ബാൾ താരങ്ങൾക്ക് മലേഷ്യയിൽ വിദഗ്ദ്ധ പരിശീലനത്തിന് വഴിതുറന്ന് സൂപ്പർലീഗ് കേരള. ആന്ദ്രേ ഇനിയേസ്റ്റ സ്‌കൗട്ടിംഗുമായി ചേർന്നാണ് താരങ്ങളെ തിരഞ്ഞെടുത്തത്.
ഹൃഷുബ് കോയോൻ, അൽത്താഫ് റഹ്മാൻ പി, പ്രയാഗ് എം. മറോളി (കണ്ണൂർ), ആരോൺ അരൂജ (തൃശൂർ), അഫ്രാദ് നിഹാൽ മച്ചിങ്കൽ, മുഹമ്മദ് നിഹാൽ.സി (മലപ്പുറം), ജൊഹാൻ ജിയോ മാത്യു, ഈവ് ആന്റണി, സിയോൺ മാർട്ടിൻ, അഭിനവ് ഷാജി, യശ്വന്ത് മൂൺ.പി (എറണാകുളം), ഫലാഹ് ലത്തീഫ് കെ.വി (പാലക്കാട്) എന്നിവർക്കാണ് 12 ദിവസത്തെ വിദഗ്ദ്ധ പരിശീലനത്തിന് അവസരം ലഭിച്ചത്.
15 മുതൽ 17 വയസുവരെയുള്ളവരാണ് താരങ്ങൾ. സ്‌പെയിൻ, അർജന്റീന എന്നിവിടങ്ങളിൽ നിന്നുമുള്ള അന്താരാഷ്ട്ര സ്‌കൗട്ടുകളുടെ നേതൃത്വത്തിൽ ഏഴ് വേദികളിലായിരുന്നു പ്രാഥമിക തിരഞ്ഞെടുപ്പ്. കൊച്ചിയിലായായിരുന്നു അന്തിമതിരഞ്ഞെടുപ്പ്. കേരളത്തിലെ 131 ക്ലബ്ബുകളിൽനിന്നായി 3,600ലേറെ കുട്ടികൾ സെലക്ഷൻ ട്രയൽസിന്റെ ഭാഗമായെന്ന് സൂപ്പർ ലീഗ് കേരള ഡയറക്ടർ ഫിറോസ് മീരാൻ, സി.ഇ.ഒ മാത്യു ജോസഫ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചടങ്ങിൽ ടീം ജഴ്‌സി പ്രകാശനം കേരള ഫുട്‌ബാൾ അസോസിയേഷൻ പ്രസിഡന്റ് നവാസ് മീരാൻ, സെക്രട്ടറി ഷാജി സി. കുര്യൻ എന്നിവർ നിർവഹിച്ചു.
12 താരങ്ങളും പരിശീലകനുമടങ്ങിയ ടീം മലേഷ്യയിലേക്ക് യാത്രതിരിച്ചു. ലാലിഗ ക്ലബ്ബായ വിയ്യാ റയലിന്റെ അനുബന്ധ സ്ഥാപനമായ വിയ്യാ റയൽ അക്കാഡമിയിലാണ് 12 ദിവസത്തെ തീവ്രപരിശീലനം.