കെ.എസ്.ആർ.ടി.സിക്ക് 143 പുത്തൻ ബസുകൾ അഡ്വാൻസ് നൽകി കച്ചവടം ഉറപ്പിച്ചു
തിരുവനന്തപുരം: പുതിയ 143 ബസുകൾ വാങ്ങുന്നതിന് കെ.എസ്.ആർ.ടി.സി അഡ്വാൻസ് കൊടുത്ത് കച്ചവടമുറപ്പിച്ചു. ആദ്യ ഘട്ടമായി 80 എണ്ണം അടുത്ത മാസം ആദ്യ വാരത്തിനുമുമ്പ് എത്തും. അടുത്ത മൂന്നു മാസത്തിനുള്ളിൽ 63 ബസുകൾ കൂടി കിട്ടും.
ടാറ്റാ, അശോക് ലൈലാൻഡ്, ഐഷർ കമ്പനികളിൽ നിന്നാണ് ബസുകൾ. പ്രോട്ടോ ഇൻസ്പെഷൻ പൂർത്തിയാക്കി. അഡ്വാൻസായി 22.9 കോടി രൂപ നൽകി. പുതിയ ബസുകൾ വാങ്ങുന്നതിന് സർക്കാർ 107കോടി രൂപ ബഡ്ജറ്റിൽ പ്രഖ്യാപിച്ചിരുന്നു. അതിൽ 62 കോടി ധനവകുപ്പ് അനുവദിച്ചു.
ആദ്യം എത്തുന്നത് ടാറ്റയുടെ ബസുകളാണ്. 80 ബസുകളിൽ 60 സൂപ്പർ ഫാസ്റ്റും 20 ഫാസ്റ്റ് പാസഞ്ചറുമാണുള്ളത്. പ്രിമിയം ബസുകൾക്കാണ് അശോക് ലൈൻലാൻഡിന് ഓർഡർ നൽകിയത്. എട്ട് എ.സി സ്ലീപ്പറുകൾ, 10 എ.സി സ്ലീപ്പർ കം സീറ്ററുകൾ, എട്ട് എ.സി സെമി സ്ലീപ്പറുകൾ എന്നിവയാണവ. ഓർഡിനറി സർവീസ് നടത്തുന്നതിനായി 9 മീറ്റർ നീളമുള്ള ബസുകൾ ഉൾപ്പെടെ 37 ചെറിയ ബസുകൾ വാങ്ങും. എല്ലാ ബസുകളും ഓണത്തിനു മുമ്പ് സർവീസിനയ്ക്കാനാകുമെന്നാണ് കെ.എസ്.ആർ.ടി.സിയുടെ പ്രതീക്ഷ.
കെ.ബി.ഗണേശ്‌കുമാർ മന്ത്രിയായ ശേഷം 555 ബസുകൾ പുതുതായി വാങ്ങാൻ പദ്ധതി തയ്യാറാക്കിയിരുന്നു. അതു നടന്നില്ല. കഴിഞ്ഞ ബഡ്ജറ്റിൽ തുക പ്രഖ്യാപിച്ചതോടെയാണ് ബസ് വാങ്ങൽ നടപ്പിലായത്.
106 ബസുകൾ സ്വിഫ്റ്റിന്
143ൽ 106 ബസുകളും കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിനു വേണ്ടിയുള്ളതാണ്. സൂപ്പർ ക്ലാസ് ബസുകൾ പൂർണമായും സ്വിഫ്റ്റിലേക്കു മാറ്റുന്നതിന്റെ ഭാഗമായാണിത്. പുതിയ ബസുകൾക്കെല്ലാം പുതിയ ഡിസൈൻ നൽകാനാണ് തീരുമാനം.