ഈ വർഷം ഒരുലക്ഷം പട്ടയം കൂടി നൽകും :മുഖ്യമന്ത്രി
തിരുവനന്തപുരം: ഇടതു സർക്കാർ കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ നാലു ലക്ഷം പട്ടയങ്ങൾ നൽകിയെന്നും ഈ വർഷം ഒരു ലക്ഷം പട്ടയം നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ 35–-ാം സംസ്ഥാന ജനറൽ ബോഡി വെള്ളയമ്പലം പഞ്ചായത്ത് ഭവൻ ഹാളിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വ്യവസായത്തിന് വരുന്നവരെ ശത്രുതാ മനോഭാവത്തോടെ സ്വീകരിക്കുന്ന നിലയുണ്ടായിരുന്നു. ഇന്നത് മാറി. വികസനത്തിന്റെ സ്വാദ് എല്ലാവരും അറിയണം.നവംബർ ഒന്നിന് സംസ്ഥാനം അതിദാരിദ്രമുക്‌തമാകും. 138 പഞ്ചായത്തുകൾ വയോജന സൗഹൃദമാക്കുന്നതിനുള്ള നടപടികളായി. കേരളത്തിലുള്ള നിരവധി കിടപ്പുരോഗികൾക്ക് ആവശ്യമായ ശ്രദ്ധ കൊടുക്കാൻ കഴിയണം. ആവശ്യമായ സ്വയം പര്യാപ്‌തത നേടാൻ ചില മേഖലകളിൽ കഴിഞ്ഞിട്ടില്ല. കാർഷിക സ്വയം പര്യാപ്‌തത ലക്ഷ്യമിട്ടുള്ള ഇടപെടലുകൾ
വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സെക്രട്ടറിമാരുടെ
തസ്തികകൾ നികത്തും
പഞ്ചായത്തുകളിൽ ഒഴിഞ്ഞുകിടക്കുന്ന സെക്രട്ടറിമാരുടെ തസ്തികകൾ വൈകാതെ നികത്തുമെന്ന് ചടങ്ങിൽ മന്ത്രി എം ബി രാജേഷ് പറഞ്ഞു.പി.എസ്.സി വഴിയുള്ള നിയമന നടപടികൾ പുരോഗമിക്കുകയാണ്. അസിസ്റ്റന്റ് സെക്രട്ടറിമാരുടെ പ്രൊമോഷൻ നടപ്പാക്കും. ഓൺലൈൻ ട്രാൻസ്ഫർ നടപ്പാക്കാൻ ബാധ്യസ്ഥതരാണ്. മാലിന്യസംസ്‌കരണത്തിൽ തിരിച്ചുപോക്കിന്റെ പ്രവണതയുണ്ട്. വാതിൽപ്പടി ശേഖരണത്തിലും ഹരിതകർമസേനയുടെ യൂസർ ഫീയിലുമെല്ലാം അപകടകരമല്ലാത്ത കുറവ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സ്മരണിക പ്രകാശനവും അദ്ദേഹം നിർവഹിച്ചു.
മുൻ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനെയും ഡോക്ടറേറ്റ് നേടിയ പഞ്ചായത്ത് പ്രസിഡന്റുമാരായ ഡോ. കെ പി വഹീദ, ഡോ. എൻ എസ് നവനീത് കുമാർ എന്നിവരെയും ആദരിച്ചു. കെ.ജി.പി.എ പ്രസിഡന്റ് കെ.എം ഉഷ അദ്ധ്യക്ഷയായി. പ്ലാനിംഗ് ബോർഡ് അംഗം ഡോ. ജിജു പി അലക്സ്, ബ്ലോക്ക്പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് ബി.പി മുരളി, കെ.ജി.പി.എ ജനറൽ സെക്രട്ടറി കെ.സുരേഷ്, എ നിസാമുദ്ദീൻ, ഡോ. ജോയി ഇളമൺ, പി ഉണ്ണികൃഷ്ണൻ, രാജു കട്ടക്കയം, പുഷ്പലത മധു, തങ്കമ്മ ജോർജ്ജുകുട്ടി, കെ കെ രാജീവ് എന്നിവർ സംസാരിച്ചു.