അവയവ ദാന സന്നദ്ധതയുമായി നടൻ ജയറാം

Friday 13 June 2025 9:00 AM IST

ആലുവ: പൊതുവേദിയിൽ അവയവദാന സന്നദ്ധത പ്രഖ്യാപിച്ച് നടൻ ജയറാം. മരണാനന്തര അവയവദാനത്തിന്റെ പ്രചാരകനാകാനും സ്വന്തം അവയവങ്ങൾ ദാനം ചെയ്യാനും തയ്യാറാണെന്നും ജയറാം പറഞ്ഞു. ആലുവ രാജഗിരി ആശുപത്രിയിൽ ആരംഭിച്ച ഫാറ്റി ലിവർ ക്ലിനിക് ഉദ്ഘാടന വേദിയിലായിരുന്നു പ്രഖ്യാപനം. മസ്തിഷ്ക മരണത്തെ തുടർന്നുളള അവയവദാനത്തിന്റെ പ്രാധാന്യം സമൂഹത്തിൽ ഉയർന്ന് വരണമെന്നും അദ്ദേഹം പറഞ്ഞു. ഭാര്യ പാർവതിക്ക് ഒപ്പമാണ് ജയറാം ചടങ്ങിനെത്തിയത്.

രാജഗിരി എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളി അദ്ധ്യക്ഷനായി. ഡോ. ഫിലിപ്പ് അഗസ്റ്റിൻ ഫാറ്റി ലിവർ ക്ലിനിക്കിന്റെ ആവശ്യകത വിശദീകരിച്ചു. കരളിന്റെ ആരോഗ്യ സംരക്ഷണത്തിനായുള്ള പ്രത്യേക പാക്കേജ് നടി പാർവതി ജയറാം, ഡോ. റോഷ് വർഗീസ് എന്നിവർ ചേർന്ന് പുറത്തിറക്കി. ഡോ. ജിജി കുരുട്ടുകുളം, ഡോ. അജിത് തരകൻ, ഡോ. സിറിയക് അബി ഫിലിപ്സ്, ഡോ. ജോൺ മെനാച്ചേരി എന്നിവർ സംസാരിച്ചു.