അര മണിക്കൂർ കൂടുതൽ പഠിപ്പിച്ചാൽ എന്താണ് പ്രശ്‌നം: മന്ത്രി ശിവൻകുട്ടി
കൊല്ലം: സംസ്ഥാനത്തെ സ്കൂളുകളിൽ പഠനസമയം അരമണിക്കൂർ കൂടുതൽ ഉയർത്തിയാൽ എന്താണ് പ്രശ്നമെന്നും അതൊക്കെ വലിയ കാര്യമാണോയെന്നും മന്ത്രി വി.ശിവൻകുട്ടി. 15 മിനിറ്റൊന്നും വലിയ കാര്യമല്ല. ഇപ്പോൾ തന്നെ പല സ്‌കൂളുകളിലും സർക്കാരിന്റെ നിർദ്ദേശമില്ലാതെയാണ് കൂടുതൽ സമയം പഠിപ്പിക്കുന്നത്. കായികം, കല, കൃഷി, സാമൂഹിക പ്രതിബദ്ധത തുടങ്ങിയവ പഠിപ്പിക്കാൻ ഒരു മണിക്കൂർ മാറ്റിവയ്ക്കാൻ പോവുകയാണ്. ഇതൊക്കെ കൂടിച്ചേർന്നാലേ വിദ്യാഭ്യാസം പൂർണമാകൂ. ഇവകൂടി ഇല്ലെങ്കിൽ വിദ്യാർത്ഥികൾ പുസ്തകപ്പുഴുക്കളാകും.
സ്‌കൂൾ സമയമാറ്റം സംബന്ധിച്ച് സർക്കാരിന് പിടിവാശിയില്ല. കുട്ടികളുടെ വിദ്യാഭ്യാസമാണ് പ്രധാനം. പ്രശ്‌നം ആവശ്യമില്ലാതെ വഷളാക്കി. ചില വിഭാഗങ്ങൾ എതിർപ്പ് ഉന്നയിക്കുകയും മുഖ്യമന്ത്രിയോട് പരാതി പറയുകയും ചെയ്തു. ആരും രേഖാമൂലം പരാതി നൽകിയിട്ടില്ല. മുഖ്യമന്ത്രിയോട് ആലോചിച്ച് പരാതിക്കാരുമായി സംസാരിക്കാൻ തയ്യാറാണ്. എതിർപ്പുകൾ വന്നാൽ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.