40 ലക്ഷത്തിന്റെ കവർച്ച പ്രതിക്കായി തെരച്ചിൽ
കോഴിക്കോട്: ഇസാഫ് ബാങ്ക് ജീവനക്കാരനിൽ നിന്ന് 40 ലക്ഷം കവർന്ന പന്തീരങ്കാവ് കൈമ്പാലം പള്ളിപ്പുറം സ്വദേശി ഷിബിൻ ലാലിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി. ബാങ്ക് ജീവനക്കാരെയുൾപ്പെടെ വീണ്ടും ചോദ്യം ചെയ്തു. ഫറോക്ക് അസിസ്റ്റന്റ് കമ്മിഷണർ എ.എം.സിദ്ദിഖിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം. ഇയാൾ സഞ്ചരിച്ച സ്‌കൂട്ടർ പന്തീരങ്കാവിനടുത്തുള്ള കോഴിക്കോടൻകുന്ന് എന്ന സ്ഥലത്തു നിന്നും ഇന്നലെ പുലർച്ചെ കണ്ടെത്തി.
പന്തീരങ്കാവ് മാങ്കാവ് റോഡിലുള്ള അക്ഷയ ഫിനാൻസിന് മുന്നിൽ വച്ച് ബുധനാഴ്ച ഉച്ചയോടെയായിരുന്നു കവർച്ച. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ അക്ഷയ ഫിനാൻസിൽ താൻ പണയം വച്ച സ്വർണം ടേക്ക് ഓവർ ചെയ്യണമെന്നാവശ്യപ്പെട്ട് ഷിബിൻലാൽ ജില്ലയിലെ വിവിധ സ്വകാര്യ ബാങ്കുകളെ ബന്ധപ്പെട്ടു എന്ന വിവരമുണ്ട്. ഇയാളുടെ വീട്ടിലെത്തി വിലാസം ഉറപ്പാക്കിയ ശേഷമാണ് ലോൺ നൽകാമെന്ന് സമ്മതിച്ചതെന്നും അതിനുശേഷമാണ് ജീവനക്കാർ പണവുമായി അക്ഷയ ഫിനാൻസിലേക്ക് പുറപ്പെട്ടതെന്നും ഇസാഫ് ബാങ്ക് അധികൃതർ പറയുന്നു.