അനിയനെ മാറോട് ചേർത്ത് അഞ്ചുവയസുകാരൻ വാഹനത്തിന്‌ കൈകാണിച്ചു; കുട്ടി പറഞ്ഞത് കേട്ട് ഡ്രൈവർ അന്തംവിട്ടു

Friday 13 June 2025 10:41 AM IST

അഞ്ചോ ആറോ വയസുള്ള കുട്ടി അമ്മയെ ആശുപത്രിയിൽ എത്തിക്കാൻ അച്ഛൻ ബുക്ക് ചെയ്ത റാപ്പിഡോ റൈഡിനായി കാത്തിരിക്കുന്ന ദൃശ്യങ്ങൾ മുമ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സമാനമായ മറ്റൊരു വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്. തന്റെ കുഞ്ഞ് സഹോദരനെ നെഞ്ചോട് ചേർത്ത ഒരു അഞ്ച് വയസുകാരനാണ് ഇപ്പോൾ നവമാദ്ധ്യമങ്ങളിലെ ഹീറോ.

റാപ്പിഡോ ബൈക്ക് ഡ്രൈവർ ആണ് വീഡിയോ പകർത്തിയത്. തുടർന്ന് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ഒരു കസ്റ്റമറെ കൂട്ടിക്കൊണ്ടുവരാൻ പോകുമ്പോൾ കൊച്ചുകുട്ടി ഡ്രൈവറെ തടഞ്ഞു. അമ്മ ആശുപത്രിയിലാണെന്നും തങ്ങൾക്ക് അവിടെയെത്താൻ അച്ഛൻ വണ്ടി ബുക്ക് ചെയ്തിട്ടുണ്ടെന്നും കുട്ടി വിശദീകരിച്ചു. കുട്ടികളെ തനിച്ച് കണ്ടപ്പോൾ ഡ്രൈവർ അമ്പരന്നു. ഇത്രയും ചെറിയ കുഞ്ഞിനെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് അയാൾ ആ കുട്ടിയോട് ചോദിച്ചു. ആശുപത്രിയിൽ പോയാൽ മതിയെന്ന് ആ കുട്ടി ശാന്തമായി മറുപടി നൽകി. തുടർന്ന് ഡ്രൈവർ ഇരുവരെയും സുരക്ഷിതമായി ആശുപത്രിയിലെത്തിച്ചു.

വീഡിയോ വളരെപ്പെട്ടന്നുതന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. നിരവധി പേർ വീഡിയോ ലൈക്ക് ചെയ്തു. ഇത്രയും ചെറുപ്രായത്തിൽ ആ കുട്ടിയ്ക്കുണ്ടായ ഉത്തരവാദിത്തം അത്ഭുതപ്പെടുത്തുന്നതാണെന്നാണ് മിക്കവരും കമന്റ് ചെയ്‌തിരിക്കുന്നത്. എന്നാൽ വീട്ടുകാരുടെ ഉത്തരവാദിത്തത്തെ ചോദ്യം ചെയ്തവരും ഉണ്ട്. എന്തിനാണ് രണ്ട് കുട്ടികളെ ഇങ്ങനെ തനിച്ചുവിട്ടതെന്നാണ് പലരും ചോദിക്കുന്നത്.