20 ഓവറല്ല അഞ്ച് ദിവസം നീളുന്ന ശരിക്കുള്ള ടെസ്റ്റ് ക്രിക്കറ്റിനെ ഇവരൊക്കെ അതിജീവിക്കുമോ? സൂര്യവൻശിയടക്കം യുവതാരങ്ങളോട് ചോദ്യവുമായി മുൻ താരം

Friday 13 June 2025 12:20 PM IST

മുംബയ്: 2025 സീസണിലെ ഐപിഎല്ലിൽ കണ്ടെത്തിയ കൗമാര താരങ്ങളായിരുന്നു 14കാരനായ വൈഭവ് സൂര്യവൻശിയും 17കാരനായ ആയുഷ് മാത്രെയും. രാജസ്ഥാൻ റോയൽസിന് വേണ്ടി വെടിക്കെട്ട് പ്രകടനം കാഴ്‌ചവയ്‌ക്കാൻ വൈഭവിനായി. ചെന്നൈ സൂപ്പർകിംഗ്‌സിന് വേണ്ടി മികച്ച ബാറ്റിംഗാണ് ആയുഷ് മാത്രെ നടത്തിയത്. വൈറ്റ് ബോൾ ക്രിക്കറ്റിൽ ഈ താരങ്ങൾക്കുണ്ടായ വലിയ പ്രശസ്‌തിയ്‌ക്കിടെ ഇവരടക്കം യുവതാരങ്ങളോട് ചോദ്യവുമായെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം യോഗ്‌രാജ് സിംഗ്. ഇതിഹാസ താരം യുവ്‌രാജ് സിംഗിന്റെ പിതാവാണ് യോഗ്‌രാജ്.

'എന്റെ അഭിപ്രായത്തിൽ ടെസ്‌റ്റ് ക്രിക്കറ്റിനാണ് പ്രാധാന്യം. അഞ്ച് ദിവസം നിങ്ങൾക്ക് കളിക്കളത്തിൽ പിടിച്ചുനിൽക്കാനാകുമോ? അതാണ് യഥാർത്ഥ ടെസ്‌റ്റ്. 50 ഓവർ, 20 ഓവർ മത്സരങ്ങൾക്ക് പിന്നാലെ ഞാൻ പോകുന്നില്ല. അവ അവിടെയുണ്ടെങ്കിലും നിങ്ങൾ മൂന്ന് ഫോർമാറ്റും കളിക്കാൻ ഫിറ്റായിരിക്കണം. നിങ്ങൾ ബുദ്ധിമുട്ടുന്നുണ്ടോ? അതിന് കാരണമെന്താണ്? കാരണം നിങ്ങൾ ട്വന്റി20യിലും ഐപിഎല്ലിലും 50 ഓവർ ക്രിക്കറ്റിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതുകൊണ്ടാണിത്. ഇന്നത്തെ കാലത്ത് 50 ഓവർ ക്രിക്കറ്റ് തന്നെ നാം അധികം കളിക്കുന്നില്ല അത്തരത്തിലാണ് കാര്യങ്ങളുടെ പോക്ക്.' ഒരു സ്‌പോർട്‌സ് പ്രസിദ്ധീകരണത്തിന് നൽകിയ അഭിമുഖത്തിൽ യോഗ്‌രാജ് പറഞ്ഞു.

അ‌ഞ്ച് ദിവസം നീളുന്ന ക്രിക്കറ്റിലെ ഏറ്റവും വലിയ ഫോർമാറ്റായ ടെസ്‌റ്റ് മത്സരം കളിക്കാൻ യുവാക്കൾ ശാരീരിക ക്ഷമതയുള്ളവരാകുക എന്ന ലക്ഷ്യമാണ് യോഗ്‌രാജ് മുന്നോട്ടുവയ്‌ക്കുന്നത്. ഏകദിന, ട്വന്റി 20 ഫോർമാറ്റുകൾക്ക് എതിരായല്ല റെഡ് ബോൾ ക്രിക്കറ്റിലും മികവ് പുലർത്താനാണ് തന്റെ പ്രസ്‌താവന വഴി

യോ‌ഗ്‌രാജ് ഉന്നംവയ്‌ക്കുന്നത്. ഇതിനിടെ ഇന്ത്യ അണ്ടർ 19ന്റെ ഇംഗ്ളണ്ട് പര്യടനത്തിനുള്ള ടീമിൽ സൂര്യവൻശിയും ആയുഷ് മാത്രെയും ഉൾപ്പെട്ടിട്ടുണ്ട്. 50 ഓവർ വാമപ്പ് മത്സരവും അഞ്ച് ഏകദിനങ്ങളുമാണ് ഈ പര്യടനത്തിൽ ഉണ്ടാകുക.