ശസ്‌ത്രക്രിയയ്‌ക്കായി അനസ്‌തേഷ്യ നൽകിയ യുവാവ് മരിച്ചു, സംഭവം ചാലക്കുടി താലൂക്ക് ആശുപത്രിയിൽ
തൃശൂർ: ഓപ്പറേഷന് അനസ്‌തേഷ്യ നൽകിയ രോഗി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ഹെർണിയ ഓപ്പറേഷനായി അനസ്‌തേഷ്യ നൽകിയിരുന്ന കോടശ്ശേരി വൈലത്ര വാവൽത്താൻ സിദ്ധാർത്ഥൻ മകൻ സിനീഷ് (34) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഹെർണിയ ശസ്‌ത്രക്രിയയ്‌ക്കായി സിനീഷിന് അനസ്‌തേഷ്യ നൽകിയത്. ഇതിനിടെ അനസ്‌തേഷ്യ അലർജിയുള്ള സിനീഷിന് ഹൃദയാഘാതമുണ്ടായി.
ഇതോടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ സിനീഷിന് വീണ്ടും ഹൃദയാഘാതമുണ്ടായി മരണപ്പെടുകയായിരുന്നു. സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് യുവാവിന്റെ ബന്ധുക്കൾ അറിയിച്ചു. ഇന്നലെയാണ് സിനീഷിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് ഇവിടെവച്ച് ഹൃദയാഘാതമുണ്ടായതോടെ സെന്റ് ജെയിൻ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. താലൂക്ക് ആശുപത്രിയിൽ ആംബുലൻസ് ഇല്ലാത്തതിനെ തുടർന്ന് പുറത്തുനിന്നും ആംബുലൻസ് വരുത്തിയാണ് ആശുപത്രിയിലെത്തിച്ചത്. 10 മണിയോടെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. 10.55ഓടെ മരിച്ചു. പൗർണമിയാണ് സിനീഷിന്റെ ഭാര്യ. ഏഴ് വയസുള്ള അനശ്വര, മൂന്ന് വയസുള്ള ആകർഷ എന്നിവർ മക്കളാണ്.