നവീകരിച്ച ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജറി വിഭാഗം പ്രവർത്തനം ആരംഭിച്ചു
മൂവാറ്റുപുഴ: അന്നൂർ ഡെന്റൽ കോളേജിൽ നവീകരിച്ച ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജറി വിഭാഗം പ്രവർത്തനം ആരംഭിച്ചു. പുതിയ സാങ്കേതിക, ശസ്ത്രക്രിയാ സംവിധാനങ്ങളോടെയാണ് ഇതെന്ന് കോളേജ് അഡ്മിനിസ്ട്രേറ്റീവ് ചെയർമാൻ അഡ്വ. ടി.എസ്. റഷീദ്, പ്രിൻസിപ്പൽ ഡോ. ജിജു ജോർജ് ബേബി, ഡോ. എൽദോസ് ജോർജ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മൂക്കും താടിയും മുഖവും ഉൾപ്പെടുന്ന മുഖസൗന്ദര്യ ശസ്ത്രക്രിയകൾ (ഓർത്തോഗ്നാത്തിക് സർജറികൾ), താടിയെല്ലിന്റെയും മറ്റും ഒടിവുകൾ, പൊട്ടലുകൾ, മുറിവുകൾ (ട്രോമാ കെയർ), തുപ്പൽ ഗ്രന്ഥികളിലെ അസുഖങ്ങൾ, പല്ലുകൾ നീക്കം ചെയ്യൽ, സിസ്റ്റുകൾ, ട്യൂമറുകൾ, (ടി.എം.ജെ) ഉൾപ്പെടെയുള്ള ശസ്ത്രക്രിയകൾ തുടങ്ങിയ ചികിത്സകളാണ് നടത്തുന്നത്. ആധുനിക സൗകര്യങ്ങളും വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനവും പുതിയ യൂണിറ്റിന്റെ പ്രത്യേകതയാണ്. ആരോഗ്യത്തെയും സൗന്ദര്യത്തെയും ഒരുപോലെ സംരക്ഷിക്കുന്ന വിധത്തിൽ ഈ സർജറികൾ കുറഞ്ഞ ചെലവിൽ ലഭ്യമാകുമെന്നും ഗുണനിലവാരമുള്ള ശുശ്രൂഷ ഉറപ്പുവരുത്തുമെന്നും ഡെന്റൽ കോളേജ് അധികൃതർ അറിയിച്ചു.