അട്ടപ്പാടി ഭൂമി തട്ടിപ്പ്: വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട്  മനുഷ്യാവകാശ കമ്മീഷൻ

Saturday 14 June 2025 1:55 AM IST
അട്ടപ്പാടിയിൽ അനധികൃത ഭൂമി വില്പന സംബന്ധിച്ച് കേരള കൗമുദി ജൂൺ അഞ്ചിന് പ്രസിദ്ധീകരിച്ച വാർത്ത.

പാലക്കാട്: അട്ടപ്പാടിയിലെ ഭൂമിയും വീടുമില്ലാത്ത പട്ടികജാതി കുടുംബങ്ങൾക്ക് വീട് നിർമ്മിക്കാൻ സർക്കാർ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഭൂമി അനധികൃതമായി തട്ടിയെടുത്ത് പകരം ഉപയോഗശൂന്യമായ ഭൂമി നൽകിയെന്ന പരാതി വിജിലൻസ് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. ഡിവൈ.എസ്.പി റാങ്കിൽ കുറയാത്ത പൊലീസുദ്യോഗസ്ഥനെ നിയോഗിച്ച് പ്രാഥമിക അന്വേഷണം നടത്തണം. പരാതി കക്ഷിയുടെയും ഇരയാക്കപ്പെട്ട മറ്റുള്ളവരുടെയും മൊഴികൾ രേഖപ്പെടുത്തിയും രേഖകൾ പരിശോധിച്ചും നടത്തുന്ന അന്വേഷണത്തിൽ അഴിമതി നിരോധന നിയമപ്രകാരം കുറ്റകൃത്യം കണ്ടെത്തിയാൽ നിയമാനുസൃതമായ തുടർനടപടികൾ സ്വീകരിക്കണമെന്ന് കമ്മീഷൻ വിജിലൻസ് ഡയറക്ടർക്ക് നിർദ്ദേശം നൽകി.

10 പട്ടികജാതി കുടുംബങ്ങൾക്ക് തീറാധാരപ്രകാരം അനുവദിച്ച് നൽകിയ സ്ഥലം സർവേ നടത്തി അളന്ന് തിരിച്ച് ഉടമസ്ഥർക്ക് യഥാസമയം നൽകുന്നതിൽ പട്ടികജാതി വകുപ്പിന് വീഴ്ച സംഭവിച്ചിട്ടുള്ളതായി ഉത്തരവിൽ പറഞ്ഞു. നൽകിയ ഭൂമി ഉപയോഗ ശൂന്യമാണെങ്കിൽ ഉപയോഗയോഗ്യമായ ഭൂമി നൽകാനുള്ള ബാധ്യത സർക്കാരിനുണ്ട്. അഗളി ഭൂതിവഴി ഭൂപതി നിവാസിൽ ഭൂപതിക്ക് അനുവദിച്ച സ്ഥലം കുഴിയായതിനാൽ വേണ്ടെന്ന് പറഞ്ഞ സാഹചര്യത്തിൽ വിശദമായ അന്വേഷണത്തിന് ശേഷം പകരം ഭൂമി കണ്ടെത്തി 6 മാസത്തിനകം നൽകണമെന്ന് കമ്മീഷൻ പാലക്കാട് ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. സ്വീകരിച്ച നടപടികൾ ജില്ലാ കളക്ടർ കമ്മീഷനെ അറിയിക്കണം.

 ഉപയോഗ ശൂന്യമായ ഭൂമി നൽകി വഞ്ചന

2016-17 ലാണ് 6 സെന്റ് സ്ഥലം വീതം ഒരാൾക്ക് 3,75,000 രൂപക്ക് ഗോവിന്ദരാജ് എന്നയാളിൽ നിന്നും പട്ടികജാതി വകുപ്പ് വിലകൊടുത്ത് വാങ്ങിയത്. എന്നാൽ ഇതേ സ്ഥലം ഗോവിന്ദരാജിന്റെ മറ്റ് ബന്ധുക്കൾ ചേർന്ന് മറ്റൊരാൾക്ക് മറിച്ചു വിറ്റുവെന്നാണ് ആരോപണം. പട്ടികജാതി വിഭാഗക്കാരായ ഭൂരഹിതരുടെ അജ്ഞത മുതലെടുത്താണ് മറുകച്ചവടം നടത്തിയതെന്ന് കമ്മീഷന്റെ അന്വേഷണ വിഭാഗം കണ്ടെത്തി. എന്നിട്ട് ഉപയോഗ ശൂന്യമായ ഭൂമി ഭൂരഹിതർക്ക് നൽകി. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്ത് കൃത്യവിലോപമുണ്ടെന്ന് കമ്മീഷൻ കണ്ടെത്തി. തുടർന്ന് 10 പട്ടികജാതി കുടുംബങ്ങൾക്ക് നേരത്തെ അനുവദിച്ച സ്ഥലം അളന്ന് നൽകണമെന്ന് കമ്മീഷൻ നിർദ്ദേശം നൽകി. എന്നാൽ ഉത്തരവ് നടപ്പാക്കിയില്ലെന്ന് പരാതിക്കാരി കമ്മീഷനെ അറിയിച്ചു. തുടർന്നാണ് കമ്മീഷൻ വീണ്ടും ഇടപെട്ടത്.