മത്സ്യത്തിനും മാംസത്തിനും പൊള്ളും വില തുടരും
വടക്കഞ്ചേരി: വലിയ പെരുന്നാൾ കഴിഞ്ഞിട്ടും മത്സ്യ, മാംസ വിപണിയിൽ പൊള്ളും വില തുടരുന്നു. ട്രോളിംഗ് നിരോധനവും കപ്പൽ അപകട പേടിയും മത്സ്യ വിപണിയെ ബാധിച്ചതും മാംസ വില കുത്തനെ ഉയരാൻ കാരണമായി. രണ്ടാഴ്ചക്കിടെ ചിക്കൻ കിലോയ്ക്ക് 30 രൂപയും ബീഫിന് 60 രൂപയുമാണ് വർദ്ധിച്ചത്. ഒരു കിലോ പോത്തിറച്ചിക്ക് വടക്കഞ്ചേരി മേഖലയിൽ 430-450 രൂപ വരെയാണ് വില. കഴിഞ്ഞ മാസം 380 രൂപയ്ക്ക് ലഭിച്ചിരുന്നിടത്താണിത്. മലയോരത്ത് ഈ മാസം 460 രൂപയ്ക്കാണ് ചിലയിടങ്ങളിൽ ബീഫ് വിൽപ്പന നടത്തിയത്. കർണാടക, തമിഴ്നാട് ഉൾപ്പെടെ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് പോത്തുകളുടെ വരവ് ഇപ്പോൾ ഗണ്യമായി കുറഞ്ഞു. വ്യാപാരികൾ പാലക്കാട്, കുഴൽമന്ദം, പൊള്ളാച്ചി എന്നിവിടങ്ങളിൽ നിന്നാണ് പോത്തുകളെ ഇറക്കുന്നത്. കഴിഞ്ഞ രണ്ടു മാസമായി ഇറച്ചിക്ക് ആവശ്യമായ പോത്തുകളെ ലഭിക്കുന്നില്ലെന്ന് വ്യാപാരികൾ പറഞ്ഞു. ഇത് മുതലാക്കി ഇടനിലക്കാർ വില വർദ്ധിപ്പിച്ച് വൻ ലാഭം കൊയ്യുന്ന സാഹചര്യവുമുണ്ട്. വില താങ്ങാൻ സാധിക്കാതായതോടെ കോൾഡ് സ്റ്റോറേജ് അടക്കമുള്ള ചില്ലറ വ്യാപാരികൾ പ്രതിസന്ധിയിലാണ്. കിലോയ്ക്ക് 100-110 രൂപയ്ക്ക് ലഭിച്ചിരുന്ന കോഴിയിറച്ചിക്ക് പലിടത്തും 150 രൂപ വരെയായി. ഫാമുകളിലെ കോഴി ഉത്പ്പാദനം കുറഞ്ഞതാണ് വില വർദ്ധിക്കാൻ കാരണം. ചൂടുകാലത്ത് ഫാമുകളിലെ കോഴികുഞ്ഞുങ്ങൾ ചത്തൊടുങ്ങിയതും വില വർദ്ധനവിന് കാരണമായി പറയപ്പെടുന്നു. മട്ടൻ കിലോയ്ക്ക് 900 ആണ് വില.
ചാഞ്ചാടിയാടി മീൻവില
കടലിൽ കപ്പൽ ദുരന്തം ഉണ്ടായ ശേഷം മീൻ വാങ്ങാൻ പൊതുവേ ആളുകൾ മടിക്കുകയാണ്. ഉള്ളതിനാവട്ടെ പിടിച്ചാൽ കിട്ടാത്ത വിലയും. ഓരോ ദിവസവും മീൻവിലയിൽ ഏറ്റക്കുറച്ചിൽ ഉണ്ടാകുന്നുണ്ട്. മൂന്ന് ദിവസം മുമ്പ് ഒരു കിലോ അയലക്ക് 240 മുതൽ 350 വരെ വിലയുണ്ടായിരുന്നു. മത്തിക്ക് 240 മുതൽ 280 വരെയും. അയക്കൂറ പല മത്സ്യമാർക്കറ്റിലും കിട്ടാനില്ല. ട്രോളിംഗ് നിരോധനം കൂടി നിലവിൽ വന്നതോടെ വില ഇനിയും വർദ്ധിക്കുമെന്നാണ് വിവരം.