വീണ്ടും ചക്രവാതച്ചുഴി; കേരളത്തില്‍ ശക്തമായ മഴയെന്ന് മുന്നറിയിപ്പ്, അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

Friday 13 June 2025 9:31 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ മഴ കനക്കുകയാണ്. വരും ദിവസങ്ങളില്‍ മഴ കൂടുതല്‍ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നത്. ഉത്തര കര്‍ണാടക, തെലങ്കാന - റായലസീമ എന്നീ ഭാഗങ്ങളുടെ മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. തെക്കോട്ട് വരുമ്പോള്‍ കേരളത്തില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമായി നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപകമായി മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്.

ജൂണ്‍ 13 (ശനിയാഴ്ച) മുതല്‍ ജൂണ്‍ 17 വരെ കേരളത്തില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും. ജൂണ്‍ 14 മുതല്‍ 16 വരെ ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും സാദ്ധ്യതയുണ്ടെന്നാണ് പ്രവചനം. പരമാവധി 50 -60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാദ്ധ്യതയുണ്ട്. കേരളത്തില്‍ വിവിധ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂണ്‍ 13, 14 മുതല്‍ 17 വരെ കേരളം കൊങ്കണ്‍, ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ അതി തീവ്ര മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് പ്രവചനം.

കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിവധ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂണ്‍ 14ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും, 15ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും 16ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും, 17ന് മലപ്പുറം, കോഴിക്കോട് ജില്ലകളിലുമാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ പെയ്യുന്നുണ്ട്.